ലഹരി മരുന്ന് കേസ് ; അന്വേഷണം മലയാള സിനിമാ ലോകത്തേയ്ക്കും ; ചില യുവ താരങ്ങള്‍ നീരീക്ഷണത്തില്‍

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ തുടര്‍ അന്വേഷണം മലയാള സിനിമാ രംഗത്തേക്കും നീളുന്നു. കളിപ്പാവകള്‍ ഉള്‍പ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവര്‍ക്ക് സംഘം ലഹരിയെത്തിച്ചിരുന്നത്. സമാന രീതിയില്‍ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിവരം. ലോക്ക്ഡൗണ്‍ കാലത്താണ് അനൂപ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്ക് കൂടുതല്‍ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് കൊച്ചിയില്‍ ഉള്ള ചില മലയാള സിനിമാ പ്രവര്‍ത്തകരും ഇടപാടുകാരാണ് എന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ഇവിടേക്ക് വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകള്‍ നര്‍കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. ഇവരിലാര്‍ക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. മലയാള സിനിമയില്‍ അടുത്ത കാലത്തായി ശ്രദ്ധേയരായ ചില നടീ നടന്മാര്‍ക്കു അനൂപുമായി നേരിട്ട് ബന്ധം ഉള്ളതായി ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊച്ചിയില്‍ നടന്ന നിശാപാര്‍ട്ടികളില്‍ അനൂപിന്റെ സാന്നിധ്യമുണ്ടെന്നാണ് വിവരം. ചില സിനിമാ താരങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ടാകാറുണ്ട്. വിലകൂടിയ ലഹരിമരുന്നുകളാണ് നിശാപാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ എത്തിച്ചിരുന്നത് അനൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു എന്നും പറയപ്പെടുന്നു. അനൂപ് മുഹമ്മദ് മുന്‍പ് കൊച്ചിയിലെ കേസില്‍ കൊച്ചി ഷാഡോ പൊലീസിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കായിരുന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നിശാവിരുന്നില്‍ ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഷാഡോ ടീം പരിശോധനയ്‌ക്കെത്തിയത്. ഇവിടെ അനൂപുമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായതോടെ പരിശോധന പാളി. സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന്‍ ഇടപെട്ടതോടെ അന്ന് അനൂപ് മുഹമ്മദിനെ വിട്ടയക്കുകയായിരുന്നു.