വിവാദങ്ങള്‍ക്കിടയിലും ഭരണ മികവില്‍ ഒന്നാമനായി കേരളം
വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ക്ക് ഇടയിലും രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. കേരളം ഒന്നാമന്‍ ആയപ്പോള്‍ മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനം ഇടം കണ്ടെത്തിയത് ഉത്തര്‍പ്രദേശ് ആണ്. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്‌സ് സെന്റര്‍ ഇന്ന് പുറത്തുവിട്ട പബ്ലിക് അഫയഴ്‌സ് ഇന്‍ഡക്‌സ് – 2020യിലാണ് ഇക്കാര്യമുള്ളത്.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ മേധാവിയായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിട്ടത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം (1.388 പിഎഐ ഇന്‍ഡെക്‌സ് പോയിന്റ്), തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന വിഭാഗത്തില്‍ ആദ്യ നാല് റാങ്കുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവയാണ് റാങ്കിംഗില്‍ ഏറ്റവും പിന്നില്‍. അവര്‍ക്ക് യഥാക്രമം -1.461, -1.201, -1.158 പോയിന്റുകള്‍ ആണ് ലഭിച്ചത്.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്. പിഎസി റിപ്പോര്‍ട്ടില്‍ മണിപ്പൂര്‍ (-0.363), ദില്ലി (-0.289), ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് നെഗറ്റീവ് പോയിന്റുകള്‍ നേടിയത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തില്‍ മികച്ച ഭരണമുള്ള കേന്ദ്രഭരണ പ്രദേശമായി ചണ്ഡിഗഡ് തിരഞ്ഞെടുക്കപ്പെട്ടു. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് തൊട്ടുപിന്നില്‍. ദാദര്‍ ആന്‍ഡ് നഗര്‍ ഹവേലി (-0.69), ആന്‍ഡമാന്‍, ജമ്മു കശ്മീര്‍ (-0.50), നിക്കോബാര്‍ (-0.30) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടേതാണ് ഏറ്റവും മോശം പ്രകടനം.