കാണാതായ ഐ ഫോണ്‍ എവിടെയുണ്ടെന്ന് അറിയാം പക്ഷെ പറയില്ല എന്ന് രമേശ് ചെന്നിത്തല
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം നിയമസഭാ മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വര്‍ണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന സമയമാണ് ചെന്നിത്തല ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്.
”യൂണിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്’- ചെന്നിത്തല പറഞ്ഞു.
‘ഐഫോണ്‍ ലഭിച്ച ഒരാളെ ഞാന്‍ പിടിച്ചു. കോടിയേരി ബാലകൃഷ്ണന്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കോടിയേരിയുടെ പി.എ ആയിരുന്ന ആളുടെ ഫോട്ടോ ഞാന്‍ പുറത്ത് കാണിച്ചു. അപ്പോഴാണ് ആ ആരോപണം നിര്‍ത്തിയത്’- ചെന്നിത്തല പറഞ്ഞു. സമ്മാനിച്ച ഫോണ്‍ ആര്‍ക്കെല്ലാം ലഭിച്ചെന്ന് അന്വേഷിക്കണമെന്ന് ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആള്‍ക്ക് നോട്ടീസ് നല്‍കിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മാനനഷ്ട കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.