സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുവാന്‍ യോഗി സര്‍ക്കാര്‍
ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്‌കൂള്‍ സിലബസില്‍ തന്നെ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ‘മിഷന്‍ ശക്തി’ പദ്ധതിയുടെ കീഴില്‍ ആയിരിക്കും ഇത് ഉള്‍പ്പെടുത്തുക. പ്രൈമറി, സെക്കണ്ടറി ക്ലാസുകളിലെ സിലബസില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും അവരുടെ സുരക്ഷയും ആദരവും ഉറപ്പാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒക്ടോബര്‍ 25 വരെയുള്ള പ്രചരണത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് 6,349 കോളേജുകളില്‍ നിന്നുള്ള 5,57,883 വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാറിലൂടെയും ബോധവത്ക്കരണ പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി.
രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സ്‌കീമുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രത്യേക പോര്‍ട്ടല്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളില്‍ സ്ത്രീകളുടെ പരമാവധി പങ്കാളിത്തം ഇതിലൂടെ ഉറപ്പു വരുത്തും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതും ഊന്നിപ്പറയുന്നു.
ആണ്‍കുട്ടികളുടെ ചിന്താഗതിയെ മാറ്റിമറിക്കുന്ന യോഗി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമാണിതെന്ന് സാമൂഹിക പ്രവര്‍ത്തക വര്‍ഷ വര്‍മ പറഞ്ഞു. ‘ശക്തി’ ദേവിയെ ആരാധിക്കുന്ന ഇന്ത്യയുടെ സംസ്‌കാരത്തില്‍ യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളോട് ബഹുമാനം ഉണ്ടാകണം. ഈ തീരുമാനത്തോടെ ധാര്‍മ്മിക മൂല്യങ്ങളുടെ വിത്തുകള്‍ വിദ്യാര്‍ത്ഥികളില്‍ വിതയ്ക്കാന്‍ കഴിയും. ഇന്ത്യയിലെ മികച്ച വനിതാ വ്യക്തികളുടെ ജീവിതം, വിജയഗാഥകള്‍, ലിംഗസമത്വം, സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് സിലബസ് വിശദമാക്കും.
അതേസമയം, അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെയും പാഠ്യപദ്ധതിയില്‍ സ്ത്രീ ശാക്തീകരണം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ മാതാപിതാക്കള്‍ പ്രശംസിച്ചു. ഇതിനിടെ, 3,007 കോളേജുകളില്‍ നിന്നുള്ള 4,46,355 വിദ്യാര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വര്‍ക്ക് ഷോപ്പുകള്‍ വഴി ആയോധനകലയില്‍ പരിശീലനം നല്‍കി കഴിഞ്ഞു. അടുത്തകാലത്തായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ രൂക്ഷമായ അതിക്രമം ആണ് യു പിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദേശിയ തലത്തില്‍ തന്നെ സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.