ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു

ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. സ്‌കോട്ടിഷ് താരത്തിന്റെ മരണവാര്‍ത്ത കുടുംബമാണ് പുറത്തുവിട്ടതെന്ന് ബിബിസി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തില്‍ സര്‍ പദവി നല്‍കി ആദരിച്ചു.

ജെയിംസ് ബോണ്ട് എന്ന് സിനിമയ്ക്ക് പുറത്തും അറിയപ്പെട്ടിരുന്ന കോണറി, അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഹോളിവുഡില്‍ സജീവമായിരുന്നു. 007 സീരീസിലെ ആദ്യ ചിത്രമായ ഡോ. നോയിലൂടെ 1962 ലാണ് കോണറി പ്രശസ്തനാകുന്നത്. തുടര്‍ന്ന് ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോള്‍ഡ് ഫിംഗര്‍ (1964), തണ്ടര്‍ബോള്‍ (1965), യു ഒണ്‍ലി ലീവ് ടൈ്വസ് (1967), ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍ (1971) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജെയിംസ് ബോണ്ടിനെ സിനിമാ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച നായകനെന്നാണ് വിശേഷിപ്പിച്ചത്.ജെയിംസ് ബോണ്ട് വേഷങ്ങളില്‍നിന്ന് പിന്മാറിയ ശേഷം ദി അണ്‍ടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടര്‍ന്നു. 1986-ല്‍ ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബര്‍ട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വേഷത്തില്‍ കോണറി എത്തിയിരുന്നു.