മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എം.എം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു
സി പി എം നേതാവും മുന്‍ എല്‍ ഡി എഫ് കണ്‍വീനറുമായ എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതില്‍ അടക്കമുള്ള പ്രതിഷേധമാണ് ബി ജെ പിയില്‍ ചേരാന്‍ കാരണമെന്ന് എബ്രാഹാം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എബ്രഹാമിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി മെമ്പറായിരുന്നു താനെന്നും പഴയ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടിയെന്നും എബ്രഹാം പറഞ്ഞു.
പിതാവിനോട് ബി ജെ പിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട കാര്യമില്ലെന്നും താന്‍ കൊച്ചുകൊച്ച് അല്ലെന്നും എബ്രാഹാം ചോദ്യത്തിന് മറുപടി നല്‍കി. പിതാവുമായി അഭിപ്രായ വ്യത്യാസം ഒന്നുമില്ല. എന്നോടൊപ്പമാണ് ലോറന്‍സ് താമസിക്കുന്നത്. സഹോദരിയുടെ പുത്രന്‍ നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നത് അയാളുടെ ഇഷ്ടമാണെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞു. താന്‍ എന്നും ദേശിയതയെ അനുകൂലിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോള്‍ മുതല്‍ അറിയാം. അന്നും അടുത്ത ബന്ധമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഈ അധപതനത്തില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി എം.എം ലോറന്‍സ് രംഗത്ത് വന്നു. ബിജെപിയില്‍ ചേര്‍ന്ന മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് നിലവില്‍ സിപിഎം അംഗമല്ല. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും ലോറന്‍സ് വ്യക്തമാക്കി.