ബൈഡന്‍ വരും എല്ലാം ‘ശരിയാകും’
പി പി ചെറിയാന്‍
ഡാളസ്: നവംബര് മൂന്നിലെ അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടര്‍മാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിര്‍ണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളിലൊന്നും പ്രകടിപ്പിച്ചില്ലാത്ത വലിയൊരു വീറും ആവേശമാണ് ഈ തിരെഞ്ഞെടുപ്പില്‍ മലയാളികള്‍ പ്രകടിപ്പിക്കുന്നത്. മഹാമാരി അമേരിക്കയുടെ ജനജീവിതം സ്തംഭിപ്പിക്കുകയും വീടുകളില്‍ നിന്നും ആളുകള്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുകയും സോഷ്യല്‍ ഗേതറിങ്ങിനുള്ള അവസരം നഷ്ടപ്പെടുകയും, ആരാധനാലയങ്ങള്‍ അനിശ്ചിതമായി അടച്ചിടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി ഭാരിച്ച ചിലവില്ലാതെ സംഘടിപ്പിക്കുവാന്‍ കഴിയുന്ന ഒന്നിലേക്ക് മലയാളികളുടെ ശ്രദ്ധ തിരിയുകയുകയായിരുന്നു.
വെര്‍ച്വല്‍ കോണ്‍ഫ്രന്‍സ്, തിരെഞ്ഞെടുപ്പ് സംവാദങ്ങള്‍ എന്നിവ ദിവസംതോറും സംഘടിപ്പിക്കുന്നതിനു കുഴിയാന മുതല്‍ വലിയാന വരെയുള്ള എല്ലാ സംഘടനകളും മല്‍സരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്തു. ഇങ്ങനെയൊരു മഹാമാരി വന്നില്ലായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ വിളിച്ചാല്‍ പത്തുപേര്‍ പോലും ഒന്നിച്ചു ചേരുമായിരുന്നില്ല എന്നത് മറ്റൊരുകാര്യം.
ചില വെര്‍ച്വല്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലേഖകന് ലഭിച്ചിരുന്നു. രാത്രിയില്‍ നടക്കുന്ന ചര്‍ച്ചകളാണ് ബഹു രസം. സമൂഹത്തില്‍ മാന്യത കല്പിച്ചിരുന്നവരെന്നു കരുതിയിരുന്നവരുടെ യഥാര്‍ത്ഥ മുഖവും പ്രകടനങ്ങളും പ്രബുദ്ധ കേരളത്തിന്റെ സംസ്‌കാരിക പാരമ്പര്യത്തെപോലും അവഹേളിക്കുന്ന, ലജിപ്പിക്കുന്ന തരത്തിലായിരുന്നുവെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
നമ്മുടെ വിഷയം അതല്ലല്ലോ. ബൈഡന്‍ പ്രസിഡന്റായാല്‍ എല്ലാം ശരിയാകുമെന്നും, അമേരിക്കയില്‍ പുതൊയൊരു സ്വര്‍ഗം തന്നെ സ്ഥാപിക്കപെടും എന്നു വാദിച്ചവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും. ഒന്നാമതു ഇതിനായി അവര്‍ ചൂണ്ടികാണിക്കുവാന്‍ ശ്രമിച്ചത് ഇന്നും പതിനായിരങ്ങളുടെ ജീവന്‍ കവര്ന്നുകൊണ്ടൊരിക്കുന്ന, കോവിഡ് എന്ന മഹാമാരിയെ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ പൂര്‍ണമായും ഉഛാടനം ചെയ്യുമെന്നതാണ്. മീറ്റിംഗില്‍ പങ്കെടുത്തവരില്‍ ആരോ ശബ്ദം ഉയര്‍ത്തി ചോദിക്കുന്നത് കേട്ടു കേരളത്തില്‍ എല്‍ ഡി എഫ് അധികാരം പിടിച്ചെടുക്കാന്‍ ഉയര്‍ത്തിയ പ്രധാന തിരെഞ്ഞെടുപ്പ് വാഗദാനം പോലെയാകോമോ ഇതെന്ന്?
ചൈനയിലെ വുഹാനില്‍ നിന്നും ലോകമെങ്ങും വ്യാപിപ്പിച്ച കോറോണ വൈറസിനെ ചൈനയുടെ തലസ്ഥാനത്തേക്കും മറ്റു സ്ഥലങ്ങളിലേക്കു പ്രവേശിപ്പിക്കാതെ ആ പട്ടണത്തില്‍ തന്നെ ഒതുക്കിയതിന്റെ രഹസ്യം ഞങ്ങള്‍ക്കു മാത്രമേ അറിയൂ. ബൈഡന്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഞങ്ങളുടെ ആധിപത്യമായിരിക്കും അമേരിക്കയിലും. അപ്പോള്‍ ഇതു വരെ ഞങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന, വുഹാനില്‍ നിന്നും ചൈനയുടെ മറ്റു സ്ഥലങ്ങളിലേക്കു വൈറസ് വ്യാപിക്കാതിരിക്കുന്നതിനു ഞങ്ങള്‍ പ്രയോഗിച്ച വിദ്യയും ഞങ്ങള്‍ ബൈഡനു പറഞ്ഞുകൊടുക്കാം. അതോടെ അമേരിക്കയില്‍ നിന്നും വൈറസ് വ്യാപനം പംബ കടക്കുകയും ചെയ്യും. ഏതോ ഒരു സഖാവു പറഞ്ഞതു സരസമായിട്ടാണെങ്കിലും അതില്‍ വലിയൊരു അര്‍ഥം അന്തര്‍ലീനമായിരുന്നു എന്നു പിന്നീടാണ് ചിലര്‍ക്കെങ്കിലും മനസിലായത്. മറ്റൊരാള്‍ പ്രതികരിച്ചത് ബൈഡനെപോലെ കാര്യപ്രാപ്തിയും, ഭരണ പരിചയവും, കൂര്‍മ്മ ബുദ്ധിയും, ക്ലീന്‍ ഇമെയ്ജ്ഉം, വിവേകവുമുള്ള ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് മത്സരിക്കുന്നതെന്നായിരുന്നു.
ഉടനെ മറുപടിയും വന്നു. 47 വര്ഷം അധികാരത്തിന്റെ ഇടനാഴിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിട്ടും എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടു വേണ്ടേ കളങ്കമേല്‍ക്കാന്‍? ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഒരു കോടി പേര്‍ക്ക് പൗരത്വം കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഉടനെ മറുപടിയായി അങ്ങനെ സംഭവിച്ചാല്‍ ഫ്രാന്‍സില്‍ ഈയിടെ നടന്ന കഴുത്തറക്കല്‍ സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുമോ എന്നാണ്. ഇല്ലീഗലായി ഇവിടെ കുടിയേറിയവര്‍ക് ഇന്‍ഷുറന്‍സും, ഫുഡ്സ്റ്റാമ്പും സൗജന്യമായി നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞതായി ഒരാള്‍ ചൂണ്ടി കാട്ടിയപ്പോള്‍ മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു, ദീഘനാളുകളുടെ കാത്തിരിപ്പിനുശേഷം ശരിയായ രേഖകളുമായി ഇവിടെയെത്തി എല്ലുമുറിയെ പണിയെടുത്തു ഞങ്ങള്‍ നല്‍കിയ നികുതിപ്പണമെടുത്തു ഇവരെ തീറ്റിപോറ്റുമ്പോള്‍ അഥിതി തൊഴിലാളികളെ കേരളത്തില്‍ സ്വീകരിച്ചാനയിച്ചു അവരില്‍ ചിലര്‍ ചെയ്ത ദേശദ്രോഹ നടപടികള്‍ ആരും മറന്നുകാണാന്‍ വഴിയില്ല എന്നായിരുന്നു.
ബൈഡനൊപ്പം മത്സരിക്കുന്ന വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വാചാലരായി, കാലിഫോര്‍ണിയയില്‍ അറ്റോര്‍ണി ജനറല്‍ ആയിരിക്കുമ്പോള്‍ മലയാളികളെ കണ്ടാല്‍ ഉടനെ ഹരേ ഭയ്യാ എന്നു പറഞ്ഞു ആലിംഗനം ചെയുകയും, മാതാവിന്റെ ഇന്ത്യന്‍ പൈതൃകത്തെ കുറിച്ച് ഓര്മപെടുത്തുകയും ചെയ്തിരുന്ന ഏക വ്യക്തിയായിരുന്നു അവര്‍, ജയിച്ചുവന്നാല്‍ ഇന്ത്യന്‍ വംശജര്‍കു, സ്ഥാനമാനങ്ങള്‍ നല്‍കി വീര്‍പ്പുമുട്ടിക്കുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അവര്‍ നടത്തിയ പോരാട്ടങ്ങളും. അമേരിക്കയുടെ അത്യുന്നത നീതിപീഠത്തിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട ജഡ്ജിമാരെ ക്രോസ്സ്വിസ്താരം നടത്തിയതും ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ അവരെക്കാള്‍ യോഗ്യരായ മറ്റൊരാളെ എങ്ങനെ കണ്ടെത്തെനാകുമെന്നാണ് ഒരാള്‍ ചോദിച്ചത്.
ട്രമ്പ് നാലുവര്‍ഷം കൊണ്ട് സാംമ്പത്തിക, തൊഴില്‍, സുരക്ഷാ ഇമ്മിഗ്രേഷന്‍ മേഖലകളില്‍ നേടിയെടുത്തത് ചൈന അയച്ച മഹാമാരി നിഷ്പ്രഭമാക്കിയില്ലേ?, ട്രംപിനെപ്പോലെ ‘ധിക്കാരിയായ,’ധീതനായ, അമേരിക്കന്‍ പൗരന്മാര്‍ക്കു മുന്‍ഗണന നല്‍കിയ, ഇല്ലീഗല്‍ ഇമ്മിഗ്രന്റ്‌സിനെ പടിക്കുപുറത്തു നിര്‍ത്തിയ, അമേരിക്കയുടെ നികുതിദായകര്‍ നല്‍കിയ പണം അന്താരാഷ്ട ഭീകരത വളര്‍ത്തുന്നത് തടയിട്ട, അമേരിക്കന്‍ പൗരന്മാര്‍ക്കു ലഭിക്കേണ്ട തൊഴിലുകള്‍ ഔട്‌സോഴ്‌സ് ചെയ്യുന്നതിന് വിരാമമിട്ട, ഗര്‍ഭസ്ഥ ശിശുക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും, അവര്‍ക്കു ഭൂമിയില്‍ പിറന്നുവീഴാന്‍ അവകാശമുണ്ടെന്നും, പരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് പൈതൃകമായി നാം കാത്തു സൂക്ഷിക്കുന്നതെന്നും പരസ്യമായി പ്രഖ്യാപിച്ച, എട്ടുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഒബാമക്ക് ട്രമ്പിനെതിരെ നികുതിയടച്ചില്ല എന്നതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്ന, ചൈന, ഉത്തര കൊറിയ, എന്നീ രാഷ്ട്രങ്ങളെ വരച്ചവരയില്‍ നിര്ത്തിയ, ലോകമെങ്ങും ഭീകരാക്രമണത്തിനു നേത്ര്വത്വം നല്കികൊണ്ടിരുന്ന കൊടും ഭീകരരെ ഇല്ലായ്മ ചെയ്ത, ഇസ്രായേല്‍ അറബി സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനു മധ്യസ്ഥത വഹിച്ച, ട്രമ്പിനെ മാറ്റിനിര്‍ത്തു, ബൈഡന്‍ വരും എല്ലാം’ശരിയാകും’.