ബിനീഷ് ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍
ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ ബിനീഷിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീര്‍ഘനേരം ഇരുന്നതാകാം നടുവേദനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ബിനീഷില്ലെന്നും വിവരമുണ്ട്. ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകരും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ബിനീഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഇ.ഡി അതിന് അനുമതി നല്‍കിയില്ല.ഇതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്തെത്തി.
നാലാം ദിവസമായ നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. നാളെയും ചോദ്യം ചെയ്യല്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷമെ കോടതിയില്‍ ഹാജരാക്കൂവെന്നുമാണ് വിവരം. രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്. അതിനിടെ ചെയ്യാത്ത കാര്യം ചെയ്തുവെന്ന് പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു . ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം.
ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും നടപടി തുടങ്ങി. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരങ്ങള്‍.