അതിജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റം മതഭ്രാന്തിന് വഴിമാറുമ്പോള്‍: വിളക്കിയാല്‍ കൂടാത്ത സംസ്‌കാരങ്ങള്‍
സി. എബ്രഹാം
അതിജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റ ചരിത്രം മലയാളിക്ക് സുപരിചിതമാണ്. ഓലക്കുടിലുകളില്‍ ഉപേക്ഷിച്ചു പോന്ന കൂടപ്പിറപ്പുകളെ വീണ്ടും കണ്ടുമുട്ടുമെന്നു തീര്‍ച്ചയില്ലാതെയാണ്, ജീവന്‍ പണയം വച്ചുകൊണ്ട്, പത്തേമാരികളിലേറി ഗള്‍ഫു നാട് കളിലേയ്ക്കു യാത്ര തിരിച്ചത്.
അപകടം പിടിച്ച ഇത്തരം യാത്രകളില്‍ മരണപ്പെട്ടവര്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാ സമുദ്രത്തിനു മുകളിലൂടെയുള്ള യാത്രാന്ത്യത്തില്‍, കരപറ്റിയവര്‍, തങ്ങളുടെ മത ചിന്ഹങ്ങളെല്ലാം അഴിച്ചു വച്ചിട്ടാണ് ജീവിതം കെട്ടിപ്പടുത്തത്. യാതാ മദ്ധ്യേ പത്തേമാരികള്‍ ആടിയുലഞ്ഞപ്പോള്‍ ജീവരക്ഷക്കായി എല്ലാവരും വിളിച്ചത് ഒരേ ദൈവത്തെയായിരുന്നു.
കുടുംബബന്ധങ്ങള്‍ക്കു വില കൊടുത്തിരുന്ന സഹോദരങ്ങളുടെ ഇത്തരം സാഹസിക യാത്രകളാണ്, കേരളത്തെ ഇന്ന് ഈ നിലയിലെത്തിച്ചിരിയ്ക്കുന്നത്. സുഖലോലുപതയിലിരുന്ന്, ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്നത്.
അധ്യാപകന്റെ തലവെട്ടിയതിനെതിരെ ഫ്രഞ്ചു ജനതയും അവിടത്തെ ഗവണ്‍മെന്റും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ തുര്‍ക്കിയുള്‍പ്പെടെയുള്ള പല മുസ്ലിം രാജ്യങ്ങളും രംഗത്തു വരുകയയും പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസ്താവനകളിറക്കുകയും ഫ്രുഞ്ചു നിര്‍മിത ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലെ കുടിയേറ്റങ്ങളിലധികവും അതി ജീവനത്തിനു വേണ്ടിയുള്ളതായിരുന്നെങ്കില്‍ ഇന്നത്തെ കുടിയേറ്റങ്ങളെയെല്ലാം ആ ഗണത്തില്‍ പെടുത്താനാവില്ല. കുടിയേറ്റത്തിനു പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ അതിനു സാഹചര്യമൊരുക്കുന്ന ഭരണകൂടങ്ങളും അവരുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങളും പല രാജ്യങ്ങളിലും സജീവമാണ്; പ്രത്യേകിച്ചും ഇസ്ലാമിക രാജ്യങ്ങളില്‍.
അഭയാര്‍ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തുന്നവരില്‍ നല്ലൊരു പങ്കും ടുനീഷ്യ, അള്‍ജീരിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയന്‍ കലാപം തുടങ്ങിയ ശേഷം ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് പാലായനം ചെയ്തു യൂറോപ്പിലെത്തിയിട്ടുള്ളത്.
അധികാര വടം വലി മൂലം വഴക്കടിക്കുന്ന വിവിധ ഗ്രൂപ്പുകളും സുന്നി – ഷിയാ ലഹളയുമൊക്കെ സാധാരണ ജീവിതം അസാധ്യമാക്കുമ്പോള്‍ മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലെത്തിക്കാന്‍ തയാറായി നില്കുന്ന ദല്ലാളന്മാരുടെ കൈയില്‍, ഉള്ളതെല്ലാം വിറ്റു പെറുക്കിയും കടം വാങ്ങിയും, അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കി ബോട്ടുകളില്‍ യാത്രയാവുന്നവരില്‍ ലക്ഷ്യത്തിലെത്താതെ മുങ്ങിത്താഴുന്നവര്‍ നിരവധിയാണ്.
ഇത്രയേറെ മുസ്ലിം അഭയാര്‍ത്ഥികള്‍ അതിജീവനത്തിനായി പാലായനം ചെയ്തിട്ടും, അവരെ സംരക്ഷിക്കുവാനോ അഭയം നല്‍കാനോ സമ്പന്നരും തീവ്ര വിശ്വാസികളുമായ മുസ്ലിം രാഷ്ട്രങ്ങളൊന്നും തന്നെ തയാറാവുന്നില്ല;
ഇവര്‍ക്കിടയില്‍ത്തന്നെയുള്ള അധികാര വടം വലിയോ വിശ്വാസചേരിതിരിവോ ഒക്കെയാകാം കാരണം. അല്ലെങ്കില്‍ യൂറോപ്പില്‍ ഇസ്ലാമിന്റെ വേരുപിടിപ്പിക്കലാകാം ലക്ഷ്യം.
ആഴ്ചകള്‍ നീളുന്ന ബോട്ടു യാതയ്ക്കുശേഷം ജീവച്ഛവമായി തീരമണയുന്ന അഭയാര്‍ത്ഥികളെ മാനുഷിക പരിഗണന നല്‍കി അഭയം നല്‍കാനും, അവരുടേതായ വിശ്വാസ രീതി പിന്‍തുടരാനും യൂറോപ്യന്‍ രാജ്യങ്ങള്‍ അവസരമൊരുക്കുന്നു. മോസ്‌കുകള്‍ പണിതും, മതപഠനസൗകര്യമൊരുക്കിയും ഒന്നിനും ഒരു കുറവു വരുത്താതെ അവരെ തീറ്റി പോറ്റുന്നു.
അഭയാര്‍ത്ഥി പരിഗണന ലഭിക്കുന്നതുവരെ ക്രിസ്ത്യന്‍ പള്ളികളില്‍ ഒളിച്ചു താമസിയ്ക്കാന്‍ പോലും അവസരം നല്‍കി അവരെ ചില പുരോഹിതര്‍ സംരക്ഷിക്കുന്നു. അഭയം നല്‍കിയ രാജ്യങ്ങളിലെ വ്യവസ്ഥിതികള്‍ തങ്ങള്‍ക്കനുകൂലമാണെന്നു കാണുമ്പോള്‍ അഭയാര്‍ഥികളായി ഏതു സാഹചര്യത്തോടും ഇണങ്ങി ജീവിക്കാന്‍ തയാറെടുത്തു വന്നവരുടെ നിറം മാറുകയാണ്.
ക്രിസ്ത്യന്‍ വിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള ചില സ്‌കൂളുകളിലെ ക്ലാസ്സ് മുറികളില്‍ ഇപ്പോളും തൂക്കിയിട്ടിരിക്കുന്ന കുരിശുരൂപങ്ങള്‍ അവരുടെ വിശ്വാസത്തിനു പോറലേല്‍പ്പിക്കുന്നു. മോസ്‌കുകള്‍ പണിയാനുള്ള അനുവാദം മാത്രം പോരാ, മിനാരങ്ങള്‍ തലയെടുപ്പോടെ ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ക്കെല്ലാം മുകളില്‍ ഉയര്‍ന്നു തന്നെ നില്‍ക്കണം. പറ്റുമെങ്കില്‍ കേട്ടു ശീലിച്ചു പോന്ന വാങ്കു വിളി ശബ്ദം അഞ്ചു നേരവും കേള്‍ക്കാന്‍ അവസരമുണ്ടാക്കണം.
തങ്ങളുടെ കുട്ടികളെ പാഠ്യ പദ്ധതിയനുസരിച്ചുള്ള നീന്തല്‍ ക്ലാസ്സുകളില്‍ നിന്നും കായിക പരിശീലനത്തില്‍ നിന്നും ഒഴിവാക്കണം. പ്രത്യേക വസ്ത്ര ധാരണ രീതികള്‍ അനുവദിക്കണം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങളുമായി അധികാരികളെ ഇവര്‍ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങും, പിന്നെ ഇതൊക്കെ മനുഷ്യാവകാശ ധ്വംസനമായി, കോടതിയായി, മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി ജനശ്രദ്ധ പിടിച്ചു പറ്റുന്നു.
ക്രിസ്ത്യന്‍ വിശ്വാസത്തിലൂടെ പുരോഗമന വാദത്തിലേയ്ക്കുള്ള വളര്‍ച്ച, യൂറോപ്യന്‍ ജനങ്ങളില്‍ ഭൂരിഭാഗത്തെയും ഇന്നു വിശ്വാസത്തില്‍ നിന്നും അകറ്റിയിരിക്കുന്നു. അവരുടെ സാമൂഹിക സംവിധാനങ്ങള്‍, സ്‌കൂളുകള്‍ എല്ലാം മതത്തിന്റെ കെട്ടുപാടുകള്‍ക്ക് പുറത്തു നിന്നുകൊണ്ടുതന്നെ ധാര്‍മിക ബോധമുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കുവാന്‍ മാത്രം പര്യാപ്തമായിരിക്കുന്നു.
മാനവികതയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും ഏറ്റവുമധികം വില കല്‍പ്പിക്കുന്ന സമൂഹമായി യൂറോപ്യന്‍ ജനത മാറിയതിനെയാണ് ഇന്ന് അഭയാര്‍ഥികളായി വന്നവര്‍ ദുരുപയോഗം ചെയ്യുന്നത്.
രാജ്യത്തെ നിയമങ്ങളും നിബന്ധനകളും അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ തിരിച്ചയക്കുമെന്ന വിട്ടുവീഴ്ചയില്ലാത്ത സാഹചര്യമുള്ളിടങ്ങളില്‍ മാത്രം അഭയാര്‍ത്ഥികളായി എത്തിയവര്‍ ഒതുങ്ങി കഴിയുന്നു,
മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
അഭയാര്‍ത്ഥികളായെത്തിയവരുടെ രണ്ടാം തലമുറയ്ക്കല്ല ഏതു സാഹചര്യത്തോടും അഡ്ജസ്റ്റ് ചെയ്യാന്‍ തയാറായി എത്തിയവര്‍ക്കാണ് ഇന്നു ബുദ്ധിമുട്ടുകളേറെയും.
ഫ്രാന്‍സിലെ കാര്യമെടുത്താല്‍, പ്രവാചകന്‍ മാത്രമല്ല, കുരിശും, യേശുക്രിസ്തുവുമൊക്കെ അവിടെ ചര്‍ച്ചാ വിഷയമാവുകയും ക്ലാസ് മുറികളില്‍ തീക്ഷ്ണമായി വിമര്‍ശിക്കപെടുകയും ചെയ്യുന്നുണ്ട്;
അതു കേട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളുമായി വിഷയം പങ്കു വയ്ക്കുമ്പോളാണ് അതു മതനിന്ദയായി മാറുന്നത്.
ചേലാ കര്‍മവും (Clitoris cutting ), ബാലികാ വവാഹവും, തുടങ്ങി രണ്ടാം തലമുറയിലെ പെണ്‍കുട്ടികളെ പോലും മുഖം മറച്ചു ലോകം കാട്ടാതെ കൊണ്ടു നടക്കുന്ന പുരാതന ആചാരങ്ങളെല്ലാം അതേ പടി നിലനിറുത്തുവാന്‍ അവര്‍ പാടു പെടുന്നു.
രണ്ടാം തലമുറയിലെ ഒരു വിഭാഗം അതിനെതിരെ പ്രതിഷേധ നിലപാടുകളെടുക്കുന്നു.
അവിശ്വാസിയെ പ്രണയിച്ച കൗമാരക്കാരിയായ ബോസ്‌നിയക്കാരിക്ക് മാതാപിതാക്കള്‍ നല്‍കിയ ശിക്ഷ, അവളുടെ തലയുടെ പകുതി ഭാഗം ഷേവു ചെയ്തു വികൃതമാക്കലായിരുന്നു. നിയമ ലംഘനത്തിന്റെ പേരില്‍ മാതാപിതാക്കള്‍ക്കു ഫ്രാന്‍സില്‍ നിന്നും മടങ്ങി പോകേണ്ടി വന്നു.
തങ്ങളുടെ വരുതിയില്‍ നില്‍ക്കുവാന്‍ വിസമ്മതിച്ച 16 വയസ്സുകാരി ഏഷ്യന്‍ പെണ്‍കുട്ടിയെ സ്വന്തം പിതാവ് മൂര്‍ച്ചയേറിയ മഴു ഉപയോഗിച്ച് 18 പ്രാവശ്യം വെട്ടിയാണ് അഭിമാനം കാത്തത്. അയാളിപ്പോള്‍ കൊലപാതകത്തിന് ശിക്ഷയനുഭവിച്ചു സ്വിറ്റസര്‍ലണ്ടിലെ ജയിലില്‍ കഴിയുന്നു.
തലവെട്ടു കേസില്‍ മുസ്ലിം രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നു കണ്ട തീവ്രവാദികള്‍, കഴിഞ്ഞ ദിവസം പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മൂന്നു പേരെ അതിദാരുണമായി കൊലപ്പെടുത്തുകയും മറ്റു ചിലരെ പരിക്കേല്‍പ്പിക്കയും ചെയ്തു.
പ്രതി ഒരു ട്യൂണേഷ്യന്‍ തീവ്ര വാദി.
മാസങ്ങള്‍ക്കുമുന്പ് ഇറ്റലിയിലെത്തിയെങ്കിലും അവിടെ നിന്നും തിരിച്ചയച്ചപ്പോള്‍ അനധികൃതമായി ഫ്രാന്‍സിലെത്തിയവന്‍. ഇങ്ങനെയൊരുവന്‍, ഇത്തരത്തിലുള്ള ഒരാക്രമണം നടത്തണമെങ്കില്‍ അത് യാദൃച്ഛികമാവില്ല, അയാള്‍ക്കു പിന്നില്‍ തീര്‍ച്ചയായും തീവ്രവാദ സംഘടനകളും അവരെ സഹായിക്കുന്ന രാജ്യങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പല പ്രശ്‌നങ്ങളിലും ഇമ്മാനുവേല്‍ മാക്രൊണുമായി അഭിപ്രായ ഭിന്നതകളുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗാന്‍ ഇവിടെ മക്രോണിനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.
പുരോഗമന വാദികളെ അടിച്ചമര്‍ത്തി തുര്‍ക്കിയെ യാഥാസ്ഥിതികതയിലേയ്ക്കു നയിച്ചുകൊണ്ടിരിക്കുന്ന എര്‍ദോഗാന്‍, തന്നെ വിമര്‍ശിക്കുന്ന അയല്‍ രാജ്യങ്ങളിലെ പൗരന്മാരെപ്പോലും ഭീഷണിപ്പെടുത്തുന്നു.
ഗ്രീസും അര്‍മേനിയയുമൊക്കെയായി യുദ്ധസമാന സാഹചര്യങ്ങളുണ്ടാവാന്‍ കാരണം എര്‍ദോഗാന്റെ നിലപാടുകളാണ്. സിറിയയിലും ഇറാക്കിലും സ്വന്തം രാജ്യത്തുമായി ജീവിക്കുന്ന 45 മില്ല്യനോളം വരുന്ന കുര്‍ദുകളെ അവരുടെ ഭാഷ സംസാരിക്കാന്‍ പോലും അനുവദിക്കാതെ അടിമകളാക്കി വച്ച് ഇന്നും വേട്ടയാടുന്നു.
യാഥാസ്ഥിതിക നിലപാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാലല്ലാതെ EU അംഗത്വം സാധ്യമല്ലെന്നു മനസ്സിലായപ്പോള്‍ കിട്ടുന്ന അവസരങ്ങളുപയോയോഗിച്ച് അയാള്‍ EU രാജ്യങ്ങള്‍ക്കെതിരെ നിലപാടുകളെടുക്കുന്നു. നാറ്റോ അംഗമായതുകൊണ്ടുള്ള സുരക്ഷിതത്വമോര്‍ത്ത് അയാള്‍ ഊറ്റം കൊള്ളുന്നു.
വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെ നിബന്ധനകളൊന്നും കൂടാതെ സ്‌നേഹിച്ചും മാനുഷിക പരിഗണന നല്‍കിയും അഭയം കൊടുത്തപ്പോള്‍ ആരും കരുതിക്കാണില്ല യൂറോപ്യന്‍ ജനതയുടെ തലയ്ക്കുമുകളില്‍ ഒരു ഡെമോക്ലീഷ്യന്‍ വാളാണ് തങ്ങള്‍ കെട്ടിത്തൂക്കുന്നതെന്ന്!
തലവെട്ടു പ്രശ്‌നത്തില്‍ ഇമ്മാനുവേല്‍ മാക്രോണിനും ഫ്രാന്‍സിനുമെതിരെ പരസ്യമായി ഭീഷണി മുഴക്കിയിട്ടും നിഷ്‌ക്രിയത്വം പാലിക്കുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നതും അശാന്തിയുടെ നാളുകളെന്നതിന് സംശയം വേണ്ട.