ഒമാനില്‍ പുറത്തു നിന്നും എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഏഴ് ദിവസം

പുറം രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്റൈന്‍. വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവര്‍ക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്റൈന്‍ കാലാവധി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറന്റൈന്‍ കാലാവധി കുറക്കാനുള്ള തീരുമാനം കൈകൊണ്ടത്.

റോഡ്, വ്യോമ അതിര്‍ത്തികള്‍ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിര്‍ത്തികളിലും ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്.