സരിതാ നായര്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജി തള്ളിയതിനു പിന്നാലെ ഒരു ലക്ഷം രൂപ പിഴയും സുപ്രീംകോടതി സരിതയ്ക്ക് ചുമത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി.

തന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. വയനാട് മണ്ഡലത്തില്‍ നിന്ന് 4,31, 770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ജയിച്ചത്.

2019ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. സോളാര്‍ കേസില്‍ ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. എന്നാല്‍, രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശപത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു.

അമേഠി മണ്ഡലത്തില്‍ പത്രിക സ്വീകരിച്ചത് ചൂണ്ടിക്കാണിച്ച് ആയിരുന്നു സരിത കോടതിയെ സമീപിച്ചത്. വയനാട് മണ്ഡലത്തില്‍ പത്രിക തള്ളിയത് വരണാധികാരിയുടെ പിഴവാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആയിരുന്നു സരിതയുടെ ആവശ്യം. അതേസമയം, അമേഠി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതയ്ക്ക് 569 വോട്ടുകള്‍ കിട്ടിയിരുന്നു.