കേരളത്തില്‍ 15നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ; തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകള്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകളായിരിക്കും തുടങ്ങുക.

ഒക്ടോബര്‍ 15നുശേഷം നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മടി കാട്ടിയിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. 10, പ്ലസ് ടു പ്രവേശന പരീക്ഷകള്‍ക്ക് അധിക കാലം ബാക്കിയില്ലാത്തതിനാല്‍ രക്ഷിതാക്കളുടെ കൂടി ആശങ്ക പരിഗണിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളോടെയാകും സ്‌കൂളുകള്‍ തുറക്കുക. ഒരു ക്ലാസിലെ വിദ്യാര്‍ഥികളെ തന്നെ രണ്ടോ മൂന്നോ ബാച്ചുകളായി തിരിച്ചു, ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസില്‍ ഇരുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുരക്ഷിതമായ അകലം ഉറപ്പാക്കിയാകും ക്ലാസുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. അതേസമയം സ്‌കൂളുകള്‍ തുറക്കുന്ന കാര്യവും കുട്ടികളെ പ്രവേശിപ്പിക്കുന്നതുസംബന്ധിച്ചും ആരോഗ്യവകുപ്പിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനിക്കുക. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ തുറക്കില്ല.