ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമനെ ഒഴിവാക്കി

തിരുവനന്തപുരം : പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കരനാണ് പുതിയ അംഗം.

തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. അതില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാമിന് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

അതേസമയം കൊലക്കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. അടുത്ത മാസം 12നാണ് കേസ് പരിഗണിക്കുക. അന്വേഷണ സംഘം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റും ആവശ്യപ്പെട്ടായിരുന്നു ശ്രീറാം കോടതിയെ സമീപിച്ചത്.