ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും
മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത മരുതംകുഴിയിലെ വസതിയിലും ബിനീഷുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തും.
അതേസമയം എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകനെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇ.ഡി നിലപാടെടുത്തു. നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇ ഡി പ്രവര്‍ത്തിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതുപോലെ ബിനീഷ് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷും അനൂപ് മുഹമ്മദും തമ്മില്‍ സൗഹൃദത്തിലായതെന്നും ഇ.ഡി വ്യക്തമാക്കുന്നു. കസ്റ്റഡി അപേക്ഷയിലാണ് ബിനീഷിനെതിരെ ഇ.ഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപ് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഈ സൗഹൃദം ദൃഡമായി. തുടര്‍ന്ന് 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് ഇരുവരും തമ്മില്‍ നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്. ഇതു സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ ആറാം ദിവസവും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അനൂപിനൊപ്പം അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്‌മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബിനമി കമ്പനികളാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.