കാശിനു പകരം ഫീസായി തേങ്ങ വാങ്ങി ഒരു കോളേജ്

കൊറോണ കാരണം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ ഉള്ളതുപോലെ സൗകര്യം ചെയ്തു കൊടുക്കുകയാണ് ബാലിയിലെ ഒരു കോളേജ്. ഫീസ് പണമായി നല്‍കാന്‍ ഇല്ലാത്തവര്‍ തേങ്ങയായോ മറ്റ് ഉല്‍പന്നങ്ങളായോ നല്‍കിയാല്‍ മതിയെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യം ചെയ്തു കൊടുത്തത്. പണമില്ലാതെ കഷ്ടപ്പെടുകയാണെങ്കില്‍ ഉല്പന്നങ്ങളുടെ രൂപത്തില്‍ പണം അടയ്ക്കുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു കോളേജ് അധികൃതര്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ വയന്‍ പസെക് ആദി പുത്രയാണ് പ്രാദേശിക മാധ്യമമായ ബാലി പുസ്പ ന്യൂസിനോട് ഇക്കാര്യം അവതരിപ്പിച്ചത്. ഫീസായി ലഭിക്കുന്ന തേങ്ങ സ്‌കൂളിലെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണത്തിനായി ഉപയോഗിക്കും.

ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗഡുക്കളായി ട്യൂഷന്‍ ഫീസ് നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ കോവിഡ് മഹാമാരി കാരണം കൂടുതല്‍ പൊരുത്തപ്പെട്ടു. അതുകൊണ്ട് തന്നെ സൗകര്യപ്രദമായ ഒരു നയം ഞങ്ങള്‍ സ്വീകരിച്ചു. ഞങ്ങള്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫീസ് തേങ്ങയായി നല്‍കാവുന്നതാണ്’ – പുത്ര പറഞ്ഞു.

അതേസമയം, ഹെര്‍ബല്‍ സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷന്‍ ഫീസായി കോളേജില്‍ സ്വീകരിക്കുന്നുണ്ടെന്ന് ബാലി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വീണ്ടും വില്‍ക്കാനും കഴിയും.