ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഹലോ ഫ്രണ്ട്സ് ‘സ്‌നേഹ സ്പര്‍ശം’ പ്രൊജക്റ്റ്‌റിലൂടെ സമാഹരിച്ച തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികള്‍ക്കായി കൈമാറി

മനുഷ്യ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയില്‍ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയില്‍ അകപ്പെട്ട് പാതിവഴിയില്‍ പകച്ച് നില്‍ക്കുന്ന കാഴ്ച സര്‍വ്വ സാധാരണമാണ്. ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയില്‍ ആയിരുന്നു ലോക പ്രശ്‌സത മജീഷ്യന്‍ ശ്രീ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും. ഈ കുട്ടികളുടെ സഹായത്തിനായി ഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും, ഇ ബാങ്കിങ്ങിലൂടെയും കൂടി 16,020.00 CHF/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി.

സ്വിറ്റസര്‍ലണ്ടിലെ ഉദാരമനസ്‌കരുടെ അകമഴിഞ്ഞ പ്രോത്സാഹനത്താല്‍ സമാഹരിച്ച ഈ തുക കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ബഹുമാന്ന്യനായ ശ്രീ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു മാജിക് അക്കാദമിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് ശ്രീ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തില്‍ കുട്ടികള്‍ക്കായി കൈമാറി …ആറ് വര്‍ഷം മുന്‍പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആദരണീയനായ ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച മാജിക് പ്ലാനറ്റിന്റെയും, ബഹുമാന്യനായ ഉമ്മന്‍ചാണ്ടി സാറിന്റെയും ജന്മദിനമായാ ഒക്ടോബര്‍ മുപ്പത്തിയൊന്നിന് തന്നെ കുട്ടികള്‍ക്കുള്ള ഈ സഹായം കൈമാറുവാന്‍ സാധിച്ചു എന്നത് ഹലോ ഫ്രണ്ട്‌സിന്റെ ഓരോ അംഗങ്ങള്‍ക്കും സന്തോഷമേകുന്നു ..

ഹലോ ഫ്രണ്ട്സ് കഴിഞ്ഞ നാലുവര്‍ഷമായി സാമൂഹ്യനന്മക്കായി ചെയ്തുവരുന്ന പ്രവര്‍ത്തികളെക്കുറിച്ചു ഹലോ ഫ്രണ്ട്സ് പ്രതിനിധി വിശദീകരിക്കുകയും ബഹുമാനപെട്ട ഉമ്മന്‍ ചാണ്ടി സാറിന് സ്വിസ് മലയാളീ സമൂഹത്തിനു വേണ്ടി ജന്മദിനാശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഗോപിനാഥ് മുതുകാടിന്റെ സ്വാര്‍ത്ഥതയില്ലാത്ത കപടതയില്ലാത്ത ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് അദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ നിഷ്‌കളങ്ക ബാല്യങ്ങളെ സഹായിക്കുവാന്‍ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലണ്ട് മുന്നോട്ട് വന്നതെന്നും സൂചിപ്പിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് ,ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്നതിനായി ഇങ്ങനെയൊരു പ്രൊജക്റ്റ് ഏറ്റെടുക്കുവാന്‍ തയാറായതിലും, പ്രവാസി മലയാളികളുടെ നാടിനോടും, സമൂഹത്തിനോടുമുള്ള അളവറ്റ സ്‌നേഹത്തിന്റെ മകുടോദാഹ രണമാണിതെന്നും കരുണ വറ്റാത്ത സ്വിസ് മലയാളികളും, മറ്റു സംഘടനകളും ഈ പ്രോജെക്ടിനോട് വളരെ സന്തോഷത്തോടെ സഹകരിക്കുകയുണ്ടായതിലും ശ്രീ ഉമ്മന്‍ചാണ്ടി നന്ദിയും ,ആശംസകളും നേര്‍ന്നു..