നാട്ടുകാര്‍ നോക്കി നില്‍ക്കെ പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്നു

ചൈനയിലെ ഷൂഷോ നഗരത്തിലാണ് സംഭവം. ദമ്പതികള്‍ സ്‌കൂട്ടറില്‍ കയറുന്നതിനിടെ കാല്‍നടയാത്രക്കാരനെ അബദ്ധത്തില്‍ ഇടിച്ചിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൂരമായ ആക്രമണം നടന്നത്. വീഡിയോ ഫൂട്ടേജില്‍ ഭാര്യയെ ഭര്‍ത്താവ് ആദ്യം കല്ലുകൊണ്ടും പിന്നെ മരം കൊണ്ടും അടിക്കുന്നത് കാണാം. ആക്രമണത്തിന് ഇരയായ സ്ത്രീയെ പൊലീസുകാര്‍ പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. പ്രതി കസ്റ്റഡിയില്‍ ആണെന്നും കേസ് പൂര്‍ണമായും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തിന്റെ ചിത്രങ്ങള്‍ ആദ്യം സോഷ്യല്‍ മീഡിയയിലും തുടര്‍ന്ന് ആഭ്യന്തര വാര്‍ത്താ ഏജന്‍സികളിലും ഞായറാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം ഇത് ദശലക്ഷക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. വീഡിയോയില്‍ കുട്ടികളും സൈക്കിള്‍ യാത്രക്കാരും വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും ഈ രംഗം കാണുന്നത് കാണാം. എന്നാല്‍, ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ തടയാന്‍ ആരും തയ്യാറാവുന്നില്ല. ലോകം മുഴുവന്‍ വീഡിയോ കണ്ടപ്പോഴും ഭൂരിഭാഗം ആളുകളും വിമര്‍ശിച്ചത് അവിടെ വെറും കാഴ്ചക്കാരായി നിന്ന ആളുകളെ ആയിരുന്നു. കാഴ്ചക്കാരുടെ നിഷ്‌ക്രിയത്വം പരക്കെ വിമര്‍ശനവിധേയമായി.

ഭാര്യയെ മര്‍ദ്ദിക്കുന്നയാള്‍ അയാളുടെ കൈവശം ഒരു മെഷീന്‍ ഗണ്ണും വച്ചിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഒരാള്‍ പോലും അയാളെ നിയന്ത്രിക്കാന്‍ മുന്നോട്ടു വരാതിരുന്നതെന്ന് ഒരാള്‍ ചോദിച്ചു. വീഡിയോ കണ്ട മറ്റൊരാള്‍ ചോദിക്കുന്നത് അവിടെ കൂടി നിന്നവര്‍ എന്ത് സ്വാര്‍ത്ഥയുള്ളവര്‍ ആയിരുന്നെന്നാണ്. അവിടെ കൂടി നിന്നവര്‍ എല്ലാം ഇത് കണ്ടു കൊണ്ടു നില്‍ക്കുകയും ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഗാര്‍ഹിക പീഡനം കുറ്റകൃത്യമാക്കുന്ന നിയമം 2015ല്‍ ചൈന കൊണ്ടു വന്നിരുന്നു. അതേസമയം, കുടുംബത്തിന് അകത്ത് നടക്കുന്ന അക്രമങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. തങ്ങളുടെ വിവാഹ ജീവിതത്തില്‍ ചൈനയില്‍ നാലിലൊരു സ്ത്രീ വീതം അക്രമം അനുഭവിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.