വയനാട്ടില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്ടില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്ത് പന്തിപൊയില്‍ വാളാരം കുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് വിവരം.
രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാവോയിസ്റ്റുകളുടെ സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. 35 വയസുതോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും 303 മോഡല്‍ റൈഫിളും കണ്ടെത്തി.
മാവോയിസ്റ്റ് സംഘത്തിന്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കുറച്ചു നാളുകളായി വനംവകുപ്പും തണ്ടര്‍ ബോള്‍ട്ടും പട്രോളിം?ഗ് സജീവമായി നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഉന്നതതലയോ?ഗത്തില്‍ പട്രോളിം?ഗ് വീണ്ടും പുനഃരാരംഭിക്കാന്‍ തീരുമാനമായിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് ആരേയും കയറ്റിവിടുന്നില്ല. ഇവിടെ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.
അതേസമയം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍. ശക്തമായ മാവോവാദി സാന്നിധ്യമുള്ള ഛത്തീസ്ഗഢിലും മറ്റും സര്‍വസാധാരണമായി ഉണ്ടാകാറുന്ന ഏറ്റുമുട്ടലിലേക്ക് സംസ്ഥാനവും മാറുകയാണോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നത്. ഓരോ ഏറ്റുമുട്ടല്‍ സംഭവത്തിന് പിന്നാലെയും വ്യാജ ഏറ്റുമുട്ടലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഭരണ കക്ഷിയായ സിപിഐ അടക്കം നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന അഭിപ്രായവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.