വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി

വയനാട് സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകളിറങ്ങിയത്. എന്നാല്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി. കടുവകള്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍. ബത്തേരി, കുറിച്യാട്, ചെതലയം റേഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവകളെ കണ്ടത്.

ജനവാസ മേഖലയില്‍ കണ്ടത് കടുവയെയും കടുവ കുട്ടികളെയുമാണ്. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടത്. തുടര്‍ന്ന് വനം വകുപ്പ്, പൊലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൊതുജനം ജാഗ്രത പാലിക്കാന്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്‍കി വരുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.