ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടി ; യുവതി മൂന്നു മാസം കൊണ്ട് കല്യാണം കഴിച്ചത് മൂന്ന് പുരുഷന്‍മാരെ

ലോക്ക് ഡൗണില്‍ വഴിമുട്ടിയ ജീവിതം ശരിയാക്കാന്‍ യുവതി വിവാഹം കഴിച്ചത് മൂന്ന് പുരുഷന്മാരെ. പുരുഷന്‍മാരെ വിവാഹത്തിന്റെ പേരില്‍ കബളിപ്പിച്ച ഔറംഗബാദ് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്ന് പുരുഷന്‍മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. മാത്രമല്ല, വിവാഹം ശേഷം ഭര്‍ത്താക്കന്മാരുടെ വില പിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയായിരുന്നു ഇവരുടെ പണി.

മുകുന്ദ് വാടി പ്രദേശത്ത് താമസിക്കുന്ന വിജയ അമ്രൂട്ടിനും ഭര്‍ത്താവിനും ലോക്ക് ഡൗണ്‍ കാലത്ത് ജോലി നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് യുവതി ഒരു തട്ടിപ്പ് റാക്കറ്റില്‍ ചേരുകയായിരുന്നു. തട്ടിപ്പിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസം കൊണ്ട് മൂന്ന് പുരുഷന്‍മാരെയാണ് വിവാഹം കഴിച്ചത്.

നാസിക് ജില്ലയില്‍ നിന്നുള്ള യോഗേഷ് ഷിര്‍സാദ് ഭാര്യയ്ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് അവള്‍ വേറൊരാളെ വിവാഹം കഴിച്ചിരുന്നതായും തന്റെ വിലപ്പെട്ട വസ്തുക്കളുമായി കടന്നു കളഞ്ഞതായും മനസ്സിലാക്കിയത്. തുടര്‍ന്നാണ് റാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് പരാതി നല്‍കുകയും പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ആദ്യം യോഗേഷിനെ വിവാഹം കഴിച്ചതായും രണ്ടാഴ്ച അയാളോടൊപ്പം താമസിച്ചതിനു ശേഷം യുവതി ഓടിപ്പോയതായും കണ്ടെത്തി. തുടര്‍ന്ന്, റായിഗഡിലെ കാര്‍ജത്തിലുള്ള സന്ദീപ് ദാരദെയെ വിവാഹം കഴിച്ചു. മൂന്നാമത്തെ വിവാഹം പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഒരാളുമായിട്ട് ആയിരുന്നെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരുഷന്‍മാര്‍ക്കായി വധുവിനെ അന്വേഷിക്കുന്ന ദമ്പതികളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ദമ്പതികള്‍ അവരുടെ കമ്മീഷനായി രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ എടുക്കും. അവരുടെ ഫീസും വിവാഹച്ചെലവുമാണ് ഇത്. വിവാഹത്തിനു ശേഷം ‘നവവധു’ സ്വര്‍ണവും മറ്റ് വില പിടിപ്പുള്ള വസ്തുവകകളുമായി ഓടി രക്ഷപ്പെടുകയാണ് രീതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.