ബിനീഷ് സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി
ബിനീഷ് കോടിയേരി സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി. അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ആയ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നല്‍കിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുല്‍ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാര്‍ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അല്‍ജാസം അബ്ദുല്‍ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുണ്‍ വര്‍ഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്. അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.