കേരളത്തില്‍ സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം

സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി മുതല്‍ സി.ബി.ഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുകയും ഉദ്യോഗസ്ഥരെ നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബി.ജെ.പി ഇതരസംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൊതുസമ്മതം പിന്‍വലിച്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ നിയമോപദേശവും അനുകൂലമായി ലഭിച്ചു. നേരത്തെ നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. ഇന്നത്തെ മന്ത്രിസഭയോഗത്തിന്റെതാണ് തീരുമാനം.

ഇനി മുതല്‍ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലാതെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. അതേസമം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ. ബാറുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വന്നില്ല. നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം അനുമതി നല്‍കി.

കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്ത സിബിഐ നടപടി രാഷ്ട്രീയപ്രേരിതം എന്നാണ് വിമര്‍ശനം. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും പശ്ചിമബംഗാളും നേരത്തെ തന്നെ സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആ മാതൃകയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്. 2017 ലാണ് സിബിഐക്ക് സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാനുള്ള പൊതു സമ്മതപത്രം സര്‍ക്കാര്‍ നല്‍കിയത്.