കൊല്ലപ്പെട്ട മാവോയിസ്റ്റ്ന്റെ പോസ്റ്റുമോര്‍ട്ടം വൈകുന്നു ; മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം വൈകുന്നു. ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തു എന്നാണ് പൊലീസ് നിലപാട്. വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. . സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നുമാണ് പൊലീസ് വിശദീകരിച്ചത്.
അതേസമയം, ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുകയാണ്. ബാലിസ്റ്റിക്ക് സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്റ്റ് കേഡര്‍ വനത്തില്‍ തന്നെയുണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ട് നിഗമനം. അതിനിടെ വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കാണണമെന്ന ആവശ്യവുമായി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല.
പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍,എന്‍.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റിലേക്ക് നീങ്ങിയത്. മൃതദേഹം കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും വന്നതാണെന്നും അതിന് അനുമതി നല്‍കാത്തത് സര്‍ക്കാരിന് പലതും ഒളിച്ച് വയ്ക്കാനുള്ളതു കൊണ്ടാണെന്നും സിദ്ധിഖ് ആരോപിച്ചു.