നാല് ദിവസത്തിനിടെ 20 മരണങ്ങള്‍ ; പൊലീസിനെ കുഴക്കി നാല് കോളനികള്‍

ഹരിയാനയിലെ സോണിപത്തിലാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത്. സോണിപത്തിലെ നാല് കോളനികളിലായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. മാധ്യമവാര്‍ത്തകളിലൂടെയാണ് പൊലീസ് മരണങ്ങളെ കുറിച്ച് അറിയുന്നത്. മരണം സംബന്ധിച്ച് ആരും ഇതുവരെ പരാതിപ്പെടാത്തതും ദുരൂഹമായി കണക്കാക്കുന്നു.

20 പേരില്‍ 16 പേരുടേയും മരണകാരണം വ്യക്തമല്ല. പരാതികളില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താത്തതാണ് കാരണം. ഒടുവിലായി മരണം സംഭവിച്ച നാല് പേരുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം മടത്തിയത്. അതേസമയം വ്യാജ മദ്യം കഴിച്ചാണോ ഈ മരണങ്ങള്‍ സംഭവിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഇത് ഉറപ്പിക്കാന്‍ സാധിക്കുള്ളുവെന്ന് പൊലീസ് പറയുന്നു.

20 പേരില്‍ മരിച്ച ഒരു വ്യക്തിക്ക് മദ്യം ഉപയോഗിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മൃദേഹത്തിനടുത്ത് നിന്ന് മദ്യകുപ്പി ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ബന്ധുക്കളാരും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടില്ല. സോണിപത്തിലെ മരണങ്ങളില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കാത്തതും പോലീസിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.