ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുന്‍ ഉത്തരവില്‍ അപാകതയൊന്നും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഇതേത്തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ കോട്ടയത്തെ വിചാരണ കോടതിയില്‍ വിചാരണ തുടരുകയാണ്. ഈ മാസം 12 ന് വിചാരണ തുടരും. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ഇതിനകം ആറു തവണ വിസ്തരിച്ചിരുന്നു.