നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി

സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി. 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡും ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്നും നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തി. ബിനീഷിന്റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തിരക്കഥയ്ക്ക് പിന്നില്‍ ഇഡി സംഘമാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു.

റെയ്ഡിന്റെ പേരില്‍ കുടുംബാംഗങ്ങളെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചതായും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു. ബിനീഷുമായി ബിസിനസ് ബന്ധമുണ്ടെന്ന് കരുതുന്ന അല്‍ ജാസം അബ്ദുല്‍ ജാഫറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്ന് ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അല്‍ ജാസമിനോട് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചു. സ്റ്റാച്യു ചിറക്കുളം റോഡിലെ അനന്തപത്മനാഭന്‍ എന്ന ആളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനത്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന അബ്ദുല്‍ ലത്തീഫിനെ അന്വേഷണത്തിന്റെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

റെയ്ഡിനിടെ കണ്ടെത്തിയ ഒരു ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച മഹസറില്‍ ഒപ്പുവയ്ക്കില്ലെന്ന് ബിനീഷിന്റെ ഭാര്യ റിനീറ്റ നിലപാട് സ്വീകരിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അനൂപ് മുഹമ്മദിന്റെ പേരിലുള്ള ആ കാര്‍ഡ് ഇഡി സംഘം തന്നെയാണ് അവിടെ കൊണ്ടു വച്ചതെന്നാണ് റിനീറ്റയുടെ ആരോപണം. വീട്ടിലെ താഴെത്തെ ഒരു മുറിയില്‍ മാത്രമാണ് സംഘം പരിശോധന നടത്തിയത്. ഇതിനകത്തെ ഡ്രോയറില്‍ നിന്ന് കാര്‍ഡ് ലഭിച്ചു എന്നാണ് അറിയിച്ചത്. വായിച്ചു നോക്കിയപ്പോള്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡാണെന്ന് മനസിലായി. അത് അവിടെ നിന്നും ലഭിച്ചതല്ലെന്നും മഹസറില്‍ ഒപ്പു വയ്ക്കാന്‍ തയ്യാറാകില്ലെന്നും ഇതോടെ അറിയിച്ചു എന്നാണ് റിനീറ്റ പറയുന്നത്.

ഇഡി സംഘം മാനസികമായി പീഡിപ്പിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഒപ്പിടാതെ ഇവിടെ നിന്നും മടങ്ങില്ലെന്നും ബിനീഷ് ശനിയാഴ്ച മടങ്ങിവരണമെങ്കില്‍ ഒപ്പിടണം എന്നുമാണ് അവര്‍ പറഞ്ഞതെന്നും റിനീറ്റ പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. അതേസമയം പരിശോധനയ്ക്കിടെ ബിനീഷിന്റെ രണ്ടരവയസുള്ള കുട്ടിയെ അടക്കം മുറിയില്‍ പൂട്ടിയിട്ടെന്ന് ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. മാനസിക പീഡനം അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണിവര്‍. ഇതിന് പുറമെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.