അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വിജയത്തിന് ആറ് ഇലക്ട്രല്‍ വോട്ട് അകലെ ജോ ബിഡന്‍

ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡന്റെ വിജയത്തിന് ആറ് ഇലക്ട്രല്‍ വോട്ട് മാത്രമാണ് അകലമുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ജോ ബിഡന് 264 ഇലക്ട്രല്‍ വോട്ടും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുമാണുള്ളത്. 270 ഇലക്ട്രല്‍ വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്.

ചാഞ്ചാടിനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ജോര്‍ജിയയിലെ ഫലമാണ് ഏറെ നിര്‍ണായകമാകുന്നത്. 98 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഇവിടെ 23000-ല്‍ ഏറെ വോട്ടുകള്‍ക്ക് ട്രംപ് ലീഡ് ചെയ്യുകയാണ്. നേരത്തെ 38000-ല്‍ ഏറെ ഉണ്ടായിരുന്ന ലീഡാണ് ബിഡന്‍ കുറച്ചുകൊണ്ട് 23000-ല്‍ എത്തിച്ചത്. ഇനി രണ്ടു ശതമാനം വോട്ടുകള്‍ കൂടിയാണ് ഇവിടെ എണ്ണാനുള്ളത്. 16 ഇലക്ട്രല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ ബിഡന്‍ ക്യാംപ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം നിലവില്‍ വോട്ടെണ്ണല്‍ നടക്കുന്ന നെവാദയില്‍ മാത്രമാണ് ബിഡന് ലീഡുള്ളത്. ഇവിടെനിന്ന് ആറു ഇലക്ട്രല്‍ വോട്ടാണുള്ളത്. നെവാദയില്‍ വിജയിക്കാനായാലും ബിഡന് അമേരിക്കന്‍ പ്രസിഡന്റാകാം. എന്നാല്‍ 75 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍, എണ്ണായിരത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായ നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് ആധിപത്യം. നോര്‍ത്ത് കരോലിനയില്‍ 94 ശതമാനം വോട്ടെണ്ണിയപ്പോള്‍ ട്രംപിന്റെ ലീഡ് 77000-ല്‍ ഏറെയാണ്. 89 ശതമാനം എണ്ണി കഴിഞ്ഞപ്പോള്‍, 1.65 ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡാണ് ട്രംപിനുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ജോ ബിഡനായിരുന്നു ആധിപത്യമെങ്കിലും, ഡൊണാള്‍ഡ് ട്രംപ് ശക്തമായി തിരിച്ചടിച്ചു. നിര്‍ണായക സംസ്ഥാനമായ ഫ്‌ലോറിഡയില്‍ അദ്ദേഹം ആധിപത്യത്തോടെ വിജയിച്ചു. ഫ്‌ലോറിഡയില്‍ വിജയിക്കുന്നവരാണ് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ളത്. ഇതിന് അപവാദമായത് 1992-ലെ തെരഞ്ഞെടുപ്പ് മാത്രമാണ്.

അതേസമയം നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു. അടിയന്തര ഹര്‍ജിയുമായി ജോര്‍ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ഡേവിഡ് ഷഫെറാണ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. പിന്നാലെ മറ്റ് രണ്ടിടങ്ങളില്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ, രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ മുഴുവന്‍ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തി. വോട്ടണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി. പോര്‍ട്ട്‌ലാന്റില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മിനിയോപോളിസില്‍ ഹൈവേയില്‍ ഗതാഗതം തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു.