യുഎസ് ടൗണ്‍ കെന്റക്കിയില്‍ മേയര്‍ ആയി ഒരു നായ
എല്ലാ നായ്ക്കും അവരുടെ ഒരു ദിവസം വരും എന്നുള്ള ചൊല്ല് പ്രസിദ്ധമാണ്. എന്നാല്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇവിടെ. ലോകം മുഴവന്‍ അമേരിക്കന്‍ പ്രസിഡന്റ് ആരാകും എന്ന ആകംഷയില്‍ ഇരിക്കുന്ന അതെ സമയം തന്നെയാണ് യു.എസ് ടൗണ്‍ ആയ കെന്റക്കിയില്‍ വില്‍ബര്‍ ബീസ്റ്റ് എന്ന നായ മേയര്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. കെന്റക്കിയിലെ ഒരു ചെറിയ കമ്യൂണിറ്റിയായ റാബ്ബിറ്റ് ഹാഷ് ആണ് ഫ്രഞ്ച് ബുള്‍ഡോഗ് ആയ വില്‍ബര്‍ ബീസ്റ്റിനെ മേയര്‍ ആയി തെരഞ്ഞെടുത്തത്.
13,143 വോട്ടുകള്‍ക്കാണ് വില്‍ബര്‍ ബീസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റാബ്ബിറ്റ് ഹാഷിലെ മേയര്‍ തെരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള 22,985 വോട്ടുകളില്‍ 13,143 വോട്ടുകള്‍(എക്കാലത്തെയും ഉയര്‍ന്ന വിജയശതമാനം) നേടിയ വില്‍ബര്‍ ബീസ്റ്റ് ആണ് പുതിയ മേയര്‍.’ – നഗരത്തിലെ റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
ബീഗിള്‍ വിഭാഗത്തില്‍പ്പെട്ട ജാക്ക് റാബ്ബിറ്റ്, ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ട പോപ്പിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. അതേസമയം, 12 വയസുള്ള ബോര്‍ഡര്‍ കോലി വിഭാഗത്തില്‍പ്പെട്ട ലേഡി സ്റ്റോണ്‍ നഗരത്തിന്റെ അംബാസഡര്‍ പദവി നിലനിര്‍ത്തി. ഒഹിയോ നദിക്കരയിലുള്ള ഏകീകരിക്കപ്പെടാത്ത കമ്യൂണിറ്റിയായ റാബ്ബിറ്റ് ഹാഷ് 1990 മുതല്‍ നായയെ അവരുടെ മേയര്‍ ആയി തെരഞ്ഞെടുക്കുന്നതായി കെന്റക്കി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്റ്റോറിക്കല്‍ സൊസൈറ്റിക്ക് ഒരു ഡോളര്‍ സംഭാവന നല്‍കിയാണ് താമസക്കാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ചുമതലയേറ്റെടുത്ത് കഴിഞ്ഞാല്‍ റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിക്കും മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി വില്‍ബര്‍ സഹായിക്കും. പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായി വില്‍ബറിന്റെ മനുഷ്യ വക്താവ് ആമി നോളണ്ട് അറിയിച്ചു.