മാവോയിസ്റ്റ് വേട്ട ; സര്‍ക്കാരിന് എതിരെ കാനം
പിണറായി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്ക് എതിരെ സി.പി.ഐ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര ഫണ്ടിന് വേണ്ടി മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന പൊലീസ് നടപടി തെറ്റാണെന്ന് കാനം തുറന്നടിച്ചു. വെടിവെച്ച് കൊല്ലുന്ന നടപടി ഭരണകൂടം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു ഭീഷണിയല്ല. ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണം. വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടില്‍ മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും കോടതിക്ക് മുന്നില്‍ വരുന്നില്ലെന്നും കാനം പറഞ്ഞു.
ഏക ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. തണ്ടര്‍ബോള്‍ട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയല്ല. അതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേണ്ടെന്ന് തീരുമാനിക്കണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സര്‍ക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി. പൊലീസിന്റെ മാവോയിസ്റ്റ് വേട്ടക്കെതിരെ നേരത്തെ സ്വീകരിച്ച നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുകയാണ് സിപിഐ. ഝാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള പോലെ കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. ഏകപക്ഷീയമായ അക്രമമാണ് വയനാട്ടില്‍ നടന്നതെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി വിളിപ്പിച്ചതിനെ കുറിച്ച് കാനത്തിന്റെ പ്രതികരണം ഇതായിരുന്നു. സി.പി.ഐ നേതൃയോഗങ്ങള്‍ സംബന്ധിച്ച് പുറത്ത് വന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണ്.എല്‍.ഡി.എഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും കാനം പറഞ്ഞു.