കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബറില്‍ പുതിയ ഭരണ സമിതി നിലവില്‍ വരുമെന്നും കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും രണ്ടാം ഘട്ടം ഡിസംബര്‍ 10ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 14ന് മൂന്നാം ഘട്ടത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ വോട്ട് ചെയ്യാവുന്നതാണ്.
1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. കോവിഡ് രോഗമുള്ളവര്‍ക്ക് തപാല്‍ വോട്ട് ഉണ്ടായിരിക്കും. പോളിങിന്റെ മൂന്ന് ദിവസം മുമ്പ് തപാല്‍ വോട്ടിങിനായി അപേക്ഷിക്കണം.
കലാശക്കൊട്ട് പാടില്ലെന്നും വീടുതോറുമുള്ള പ്രാചരണത്തിന് 3 പേര്‍ മാത്രമേ പാടുള്ളൂവെന്നും കമ്മീഷന്‍ അറിയിപ്പ് ഉണ്ട്. നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇവിഎം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മീഷന്‍ നിയോഗിക്കും.