കോടതിക്കുള്ളിലും ടോക് ഷോ നടത്തി അര്‍ണബ് ; വലിയ ഷോ ഇറക്കിയാല്‍ പിടിച്ച് പുറത്താക്കുമെന്ന് മജിസ്‌ട്രേറ്റ്
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്‌ട്രേറ്റിന്റെ താക്കീത്. ചാനല്‍ ടോക് ഷോ സംസ്‌കാരം കോടതി മുറിയിലേക്കും നീണ്ടതോടെയാണ് അര്‍ണബിന് കോടതിയുടെ ശാസന കേള്‍ക്കേണ്ടി വന്നത്. ചാനല്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്‍വെയ് നായികിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. കോടതിയില്‍ വാദത്തിനിടെ ഇടപെടുകയും ഡയസില്‍ കയറുകയും ചെയ്ത അര്‍ണബിനോട് ചീഫ് മജിസ്‌ട്രേറ്റ് മര്യാദയോടെ പെരുമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. നാടകീയ രംഗങ്ങള്‍ ആണ് അര്‍ണബും ഭാര്യയും കോടതിയില്‍ നടത്തിയത്.
കോടതി നടപടിക്കിടയില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാ?ഗ് മജിസ്‌ട്രേറ്റ് സുനൈന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയില്‍ നില്‍ക്കാനും അര്‍ണബിനോട് പറഞ്ഞു. വാദിഭാ?ഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകള്‍ മജിസ്‌ട്രേറ്റിനെ കാണിക്കാനായി അര്‍ണബ് ഡയസില്‍ കയറുകയായിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെ തടഞ്ഞു.
തുടര്‍ന്ന് തന്റെ അഭിഭാഷകന്‍ സംസാരിക്കുന്നതിനിടെ വീണ്ടും കൈ ഉയര്‍ത്തി പരിക്കിന്റെ കാര്യം പറയാന്‍ അര്‍ണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കോടതിയില്‍ മര്യാദ പാലിക്കണമെന്ന് അര്‍ണബിനോട് മജിസ്‌ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയില്‍ കയറി സംസാരിച്ച അര്‍ണബ്, ഡോക്ടര്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി.
കാര്യങ്ങള്‍ അതിര് കടന്നതോടെ, മര്യാദ പാലിക്കാന്‍ പറ്റിയില്ലങ്കില്‍ അര്‍ണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. ഇതോടെ അര്‍ണബ് ശാന്തനായി. എന്നാല്‍ വിധി പ്രവസ്താവത്തിനിടെ കോടതിക്കുള്ളില്‍ വെച്ച് കൂള്‍ ഡ്രിങ്ക്‌സ് കുടിക്കാന്‍ ശ്രമിച്ച അര്‍ണബിനോട് കോടതിക്ക് വെളിയില്‍ പോകാനും ആവശ്യപ്പെട്ടു. കോടതി നടപടികള്‍ വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ മുതിര്‍ന്ന അര്‍ണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.