വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്‌കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മോസ്‌കകളുടെ നിയമപരമായ പദവി ഓസ്ട്രിയ സര്‍ക്കാര്‍ നീക്കം ചെയ്തു. ഈ മോസ്‌കകളുടെ പിന്നിലുള്ള സംഘടനയെയും അസാധുവാക്കി.
വിയന്നയില്‍ ആക്രമണം നടത്തിയ ഭീകരന്‍ വിയന്ന നഗരത്തിലെ ഈ രണ്ട് മോസ്‌കുകളിലും പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നു സാംസ്‌കാരിക മന്ത്രി സൂസാനെ റാബ് ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മറുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭീകരന്‍ മൗലികവാദം ആര്‍ജ്ജിച്ചത് ഈ സന്ദര്‍ശനത്തില്‍ നിന്നാകാമെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടക്ക്‌റിങിലെ ഹാസ്‌നര്‍സ്ട്രാസ്സേയിലുള്ള ഒരു പള്ളിയും, മൈഡിലിംഗിലെ മുര്‍ലിംഗന്‍ഗാസയിലുള്ള മറ്റൊരു പള്ളിയുമാണ് അടപ്പിച്ചത്. നിലവില്‍ രണ്ട് സ്ഥലങ്ങളിലും പോലീസ് റെയിഡ് നടക്കുകയാണ്. ഓസ്ട്രിയയിലെ ഇസ്ലാമിക് ഫെയ്ത്ത് കമ്മ്യൂണിറ്റി (ഐജിജി) യുടെ കീഴിലായിരുന്നു മൈഡിലിംഗിലെ മോസ്‌ക്. മുര്‍ലിംഗന്‍ഗാസയിലുള്ള മോസ്‌ക് സ്വതന്ത്രമായ ഒരു അസോസിയേഷന്റെ കീഴിലായിരുന്നു.
ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ഓഫിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ രണ്ടു മോസ്‌ക്കുകളിലും തീവ്ര ഇസ്ലാമിന്റെ ആശയങ്ങള്‍ പ്രോത്സാഹിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഐ.എസ് തീവ്രവാദിയായി ഒന്‍പത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇസ്ലാമിസ്റ്റ് മുഹമ്മദ് എം, ലോറന്‍സ് കെ എന്നിവരും പതിവായി ഈ മോസ്‌കുകളില്‍ താമസിച്ചിരുന്നവായിരുന്നെന്നു പറയപ്പെടുന്നു.