അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് ; ഇന്ത്യക്കും അഭിമാന നിമിഷം

അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്കും ഇത് അഭിമാന നിമിഷം. ഇന്ത്യന്‍, ജമൈക്കന്‍ കുടിയേറ്റക്കാരുടെ മകളായ കമല ദേവി ഹാരിസ് രാജ്യത്തിന്റെ 244 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കെത്തുന്ന വനിതയായി മാറാന്‍ ഒരുങ്ങുകയാണ്.

കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. സ്തനാര്‍ബുദത്തില്‍ ഹോര്‍മോണുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലോകം കൂടുതല്‍ അറിഞ്ഞതിന് കാരണം കമലയുടെ അമ്മയും ശാസ്ത്രജ്ഞയുമായ ശ്യാമള ഗോപാലന്‍ ഹാരിസാണ്. 2009ല്‍ അവര്‍ അന്തരിച്ചു.

നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡന്‍ പ്രതികരിച്ചത്.

കുട്ടികളെ കടത്തുന്നത് തടയാനും ലൈംഗിക തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ പോരാടാനും ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവരെ സംരക്ഷിക്കാനും കമല ഹാരിസ് നടത്തിയ പരിശ്രമങ്ങളെ സാന്‍ഫ്രാന്‍സിസ്‌കോ എല്ലാക്കാലവും ഓര്‍മിക്കപ്പെടും. കുട്ടികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കുന്നതിനായി അവര്‍ നടത്തിയ പോരാട്ടങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുന്നതിന് പ്രധാന ഘടകമായി.

2016ല്‍ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത വനിതയായി ഹാരിസ് മാറി. ആദ്യത്തേത് ഇല്ലിനോയിസ് സെനറ്ററായിരുന്ന കരോള്‍ മോസ്ലി ബ്രൗണ്‍ ആയിരുന്നു. നിലവില്‍ സെനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ഒരേയൊരു കറുത്ത വനിതയാണ് ഹാരിസ്. ട്രംപിന്റെ അനുയായിയായ ബ്രെറ്റ് കവനോയുടെ യു എസ് സുപ്രീംകോടതിയിലെ നിയമനത്തിനെതിരെ തുറന്നടിച്ചതോടെ കമല ഹാരിസ് ഗേശീയ ശ്രദ്ധ നേടിയിരുന്നു. ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസ് മാറാനുള്ള സാധ്യതയും ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. 2024 അല്ലെങ്കില്‍ 2028 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാര്‍ഥിയായി കമല ഹാരിസ് വന്നേക്കാം.