അമേരിക്ക ഇനി ജോ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍
അമേരിക്കയില്‍ ട്രംപിന്റെ പതനം പൂര്‍ണ്ണമായി. നിലവിലെ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്ക ഇനി ബൈഡന്‍ ഭരിക്കും. കേവല ഭൂരിപക്ഷം പിന്നിട്ടതോടെയാണ് അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പെന്‍സില്‍വേനിയയില്‍ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്.
273 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. 214 ഇലക്ട്രല്‍ വോട്ടുകളാണ് മുന്‍ പ്രസിഡന്റ് ട്രംപ് നേടിയത്. ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. എന്നാല്‍ ട്രംപ് തോല്‍വി സമ്മതിച്ച് കീഴടങ്ങുമോ അതോ അധികാരത്തില്‍ കടിച്ചു തൂങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.
മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 77 വയസുള്ള ബൈഡന്‍.