എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍
മഞ്ചേശ്വരം എം.എല്‍,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീന്‍ എം.എല്‍ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 115 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു. ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൂടാതെ മധ്യസ്ഥ നീക്കം നടത്താന്‍ ലീഗ് സംസ്ഥാന നേതൃത്യം ചുമതലപ്പെടുത്തിയ കല്ലട്ര മാഹിന്‍ ഹാജിയില്‍ നിന്നും എസ്.ഐ.ടി വിരങ്ങള്‍ ശേഖരിച്ചിരുന്നു.
2007-ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷന്‍ ഗോള്‍ഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നല്‍കാമെന്ന കരാര്‍ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കാനായി കമ്പനി രജിസ്ട്രാറില്‍ നിന്ന് എസ്.ഐ.ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിക്ഷേപകരുടെയും ഉടമകളുടെയും ബാങ്ക് സ്റ്റേറ്റ്‌മെന്റും എസ്.ഐ.ടി പരിശോധിച്ചിരുന്നു.
ഐപിസി 420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്‍. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. നിക്ഷേപകര്‍ക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനല്‍കാന്‍ എംഎല്‍എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിന്‍ഹാജി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം എംഎല്‍എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.