ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജോര്‍ജ്ജിനെ കളത്തിലിറക്കി പി.സി ജോര്‍ജ്ജ്

മക്കള്‍ രാഷ്ടീയത്തില്‍ ഒരു നേതാവിന്റെ മകന്‍ കൂടി തിരഞ്ഞെടുപ്പ് രംഗത്ത്. പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എയുടെ മകനും യുവജനപക്ഷം നേതാവുമായ അഡ്വ.ഷോണ്‍ ജോര്‍ജ്ജാണ് മല്‍സര രംഗത്തിറങ്ങിയത്.

20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് മത്സര രംഗത്ത് എത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കുകളിലൊന്നായ മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവും നേടിയിട്ടുണ്ട്.

സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ധൈര്യ പൂര്‍വ്വം പങ്കുവയ്ക്കുന്ന അപൂര്‍വ്വം ചില യുവ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഷോണ്‍. അതുകൊണ്ടുതന്നെ യുവാക്കളുടെ ഒരു നിര ഇദ്ദേഹത്തിനു പിന്തുണ അര്‍പ്പിക്കാന്‍ കൂടെ തന്നെയുണ്ട്.