നിയമവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുമായി യുഎഇ

കാലത്തിനു അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു യുഎഇ. രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിലാണ് നിര്‍ണായക മാറ്റങ്ങള്‍ ഭരണകൂടം നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. ഇതുവരെ തുടര്‍ന്നുവന്ന കര്‍ശന നിയന്ത്രണങ്ങളിലാണ് ഭരണകൂടം ഇളവുകള്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, മദ്യപാനം, ആത്മഹത്യ, സ്ത്രീ സുരക്ഷ എന്നിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവരും. വിവാഹ മോചനം, സ്വത്തവകാശം എന്നിവയില്‍ പൗരന്മാരുടെ സ്വന്തം രാജ്യത്തെ നിയമവ്യവസ്ഥിതി ഉപയോഗിക്കുന്നതിനും പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നു. ഇരൂന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട്.

നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങള്‍ :

വിവാഹമോചനവും തുടര്‍ന്നുള്ള സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റംവരും.
സ്വദേശത്ത് വിവാഹിതരാവുകയും യുഎഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ബാധകം. പുതിയ നിയമത്തില്‍ സംയുക്ത ആസ്തികളെയും ജോയിന്റ് അക്കൗണ്ടുകളെയും പറ്റി പരാമര്‍ശിക്കുന്നു, രണ്ട് കക്ഷികളും തമ്മില്‍ കരാറില്ലെങ്കില്‍ കോടതിക്ക് മധ്യസ്ഥത വഹിക്കാം.

വില്‍പത്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. നിലവില്‍ മരിച്ചയാളുടെ സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ക്ക് വീതംവെച്ച് നല്‍കുന്നത് ഇസ്ലാമിക നിയമപ്രകാരമാണ്. ഇതിലും മാറ്റംവരും.
അത്യാവശ്യഘട്ടത്തില്‍ ഒരാളെ സഹായിച്ചതിന്റെ പേരില്‍ ഇനി അതുമായി ബന്ധപ്പെട്ട ബാധ്യതയോ കുറ്റമോ വഹിക്കേണ്ടിവരില്ല. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കോ അടിയന്തര സഹായമെത്തിക്കുന്നവര്‍ക്കോ പിന്നീട് ബാധ്യതയാകാത്ത നിലയിലായിരിക്കും മാറ്റങ്ങള്‍ വരിക.

മദ്യപാനം ഇനി കുറ്റകരമല്ല. നിലവില്‍ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ്. ഇനി ലൈസന്‍സില്ലാതെ മദ്യപിക്കുന്ന, മദ്യം കൈവശമുള്ള അല്ലെങ്കില്‍ അംഗീകൃത പ്രദേശങ്ങളില്‍ മദ്യം വില്‍ക്കുന്ന ആരില്‍ നിന്നും ഇനിമേല്‍ പിഴ ഈടാക്കില്ല. നിലവില്‍ മദ്യപിച്ചതിന് കേസുകള്‍ അപൂര്‍വമായിരുന്നു, എന്നാല്‍ മറ്റൊരു കുറ്റത്തിന് അറസ്റ്റിലായാല്‍ ലൈസന്‍സില്ലാതെ മദ്യം കഴിച്ചതിന് ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താം. ഇതിലാണ് മാറ്റംവരുന്നത്.മദ്യപാനം സ്വകാര്യമായിട്ടോ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവര്‍ മദ്യപിക്കുന്നത് കുറ്റകരമല്ല.

ദുരഭിമാന കുറ്റകൃത്യങ്ങളെന്ന വിഭാഗം ഇനിയുണ്ടാകില്ല. സ്ത്രീകളെ ഉപദ്രവിക്കുന്ന കേസില്‍ ബന്ധുവായ പുരുഷന്മാര്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. ഇവയെല്ലാം കുറ്റകൃത്യമായി തന്നെ കണ്ട് അതിനനുസരിച്ചുള്ള ശിക്ഷ നല്‍കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ ലഭിക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയോ മാനിസക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും.

 

ചരിത്രത്തിലാദ്യമായി അവിവാഹിതരായ ദമ്പതികളുടെ സഹവാസത്തിന് നിയമപരമായ സാധുത ലഭിക്കും. ഇതുവരെ, അവിവാഹിതരായ ദമ്പതികള്‍ എമിറേറ്റുകളില്‍ ഒരു വീട് പങ്കിടുന്നത് നിയമവിരുദ്ധമാണ്.
അറബി സംസാരിക്കുന്നില്ലെങ്കില്‍ പ്രതികള്‍ക്കും കോടതിയില്‍ സാക്ഷികള്‍ക്കും വിവര്‍ത്തകര്‍ നല്‍കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. നിയമപരമായ വിവര്‍ത്തകര്‍ ഉണ്ടെന്ന് കോടതി ഉറപ്പാക്കണം.
ആത്മഹത്യയും ആത്മഹത്യാശ്രമവും ക്രിമിനല്‍ കുറ്റത്തില്‍ നിന്നൊഴിവാകും. പക്ഷേ, ആത്മഹത്യക്ക് പ്രേരണ നല്‍കിയെന്ന് കണ്ടാല്‍ ജയില്‍ ശിക്ഷ തുടരും.