ഓസ്ട്രിയയിലെ ഭീകരാക്രമണം: ഡാന്യൂബ് നദി കേഴുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍
വിയന്ന: ഭൂതലങ്ങളെയും സംസ്‌കാരങ്ങളെയും നഗരങ്ങളെയും പരിപോഷിപ്പിച്ചുകൊണ്ടും അലങ്കരിച്ചുകൊണ്ടും ജര്‍മ്മനിയിലെ കരിങ്കാടുകളില്‍ നിര്‍ഗളിക്കുന്ന ഡാന്യൂബ് നദി കരിംകടലില്‍ ആണ് അതിന്റെ നീര്‍പ്പാച്ചില്‍ അവസാനിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും നീളം കൂടിയ നദിയായ ഡാന്യൂബിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വിയന്ന ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ നഗരങ്ങളില്‍ ഒന്നാണ്.
വിയന്നയില്‍ ഏകദേശം 250 ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ട്. അതിനൊത്ത സാംസ്‌കാരിക സമ്പത്തും ഈ കോസ്‌മോപോളിറ്റന് നഗരത്തിനുണ്ട്. ഇവിടെ കാണപ്പെടുന്ന മതമൈത്രിയും, അതിലുപരി ഇവിടുത്തെ സര്ക്കാര് പൊതുജനമൈത്രിക്ക് നല്‍കുന്ന പ്രോത്സാഹനവും ലോകത്തിനു തന്നെ മാതൃകയാണ്.
ഓസ്ട്രിയയില്‍ ജീവിക്കുന്ന വടക്കന്‍ മാസിഡോണിയായിലെ അല്‍ബേനിയന്‍ ന്യൂനപക്ഷക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച, ഇവിടുത്തെ സാമൂഹ്യ-സാമ്പത്തിക സൗകര്യങ്ങളെല്ലാം വേണ്ടപോലെ അനുഭവിച്ചു വളര്‍ന്ന കുജ്ടിം ഫേജ്‌സുലൈ എന്ന് പേരുള്ള 20 വയസുകാരന്‍ മതതീവ്രതക്കു അടിമയായി, മതഭ്രാന്തനായി, ഭീകരനായി വിയന്നയുടെ നന്മയ്ക്കു തന്നെ കളങ്കം ചാര്‍ത്തി.
ഡാന്യൂബ് കനാലിന്റെ പരിസരങ്ങള്‍ ഇന്ന് രക്തപങ്കിലമാണ്. ഡാന്യൂബ് കനാലിലേക്ക് സയ്റ്റന്‍സ്റ്റെറ്റന്‍ ലെയ്ന്‍ 4-ല്‍ നിന്ന് നേരെ വെറും 100 മീറ്റര്‍ മാത്രം ദൂരം. അവിടെയാണ് യൂദന്മാരുടെ ഏറ്റവും ചരിത്രപ്രസിദ്ധമായ സിനഗോഗ് സ്ഥിതി ചെയ്യുന്നത്. നസ്രസിലെ ഈശോയെ കുരിശിലേറ്റിയതിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ തുടങ്ങിവച്ച യൂദവിദ്വേഷം മൂത്തു മൂത്തു അവസാനം ആന്റിസെമിറ്റിസം ആയി ഹിറ്റ്‌ലറിന്റെ ‘ഡ്രിറ്റസ് റൈഹ്’ 10 മില്യണ്‍ യൂദന്മാരെ കൊലപ്പെടുത്തിയതും ചരിത്രമാണ്. വിയന്നയില്‍ അവശേഷിച്ച കുറെ യൂദന്മാരുടെയും അവരുടെ സന്തതികളുടെയും ആശ്രയമായ ഈ സിനഗോഗിന്റെ സമീപത്താണ് കുജ്ടിം ഫേജ്‌സുലൈ എന്ന ഭീകരന്‍ കലിതുള്ളി തുടങ്ങിയത്. ആദ്യത്തെ എമര്‍ജന്‍സി അറിയിപ്പ് ലഭിച്ച പോലീസ് ഒന്‍പതാമത്തെ മിനിറ്റില്‍ ഭീകരനെ വധിച്ചു നഗരം മുഴുവന്‍ പോലീസ് കാവലില്‍ ആക്കി.
ആക്രമണസമയത് സിനഗോഗില്‍ ചടങ്ങുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ യൂദവിരോധം ആയിരുന്നില്ല കാരണമെന്നും കരുതപ്പെടുന്നില്ല. എന്തായാലും വിയന്നയില്‍ യൂദവിരോധം രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. യൂദസ്മശാനങ്ങളെ പലയിടത്തും പലപ്രാവശ്യം അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴൊക്കെ വര്‍ത്തയാകുന്നുണ്ട്. 1979 ഏപ്രില്‍ മാസത്തില്‍ വിയന്നയിലെ സിനഗോഗില്‍ പാലസ്റ്റീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍പെട്ട ഭീകരര്‍ ബോംബാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് 1981 മെയ് ഒന്നിന് ഈ ഭീകരര്‍ തന്നെ വിയന്ന സ്റ്റേറ്റ് മന്ത്രിയും ഓസ്‌ട്രോ-ഇസ്രായേല്‍ സൊസൈറ്റിയുടെ സ്ഥാപകനുമായ ഹൈന്‍സ് നിറ്റലിനെ കൊലപ്പെടുത്തി.
1975 ഒക്ടോബറില്‍ അര്‍മേനിയന്‍ ഭീകരര്‍ വിയന്നയില്‍ തുര്‍ക്കി അംബാസ്സഡറിനെ വധിച്ചു, ആ വര്‍ഷം തന്നെ ഡിസംബറില്‍ കാര്‍ലോസ് എന്ന ഭീകരന്‍ വിയന്നയിലെ OPEC ആക്രമിച്ചു കീഴടക്കുന്നു. ഇങ്ങനെ 70കളിലെയും 80കളിലെയും 90കളിലെയും പുതിയ നൂറ്റാണ്ടിലേയും (2009, 2017, 2018) ചരിത്രം പരിശോദിച്ചാല്‍ മനസിലാകും ഓസ്ട്രിയയിലും ഭീകരവാദത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങിയിരുന്നു.
കുജ്ടിം ഫേജ്‌സുലൈ എന്ന ഭീകരന്‍ ഫ്രാന്‍സിലെ ഹീനമായ കൊലപാതകപരമ്പരകളാല്‍ പ്രചോദിതനായി എന്ന് ഊഹിക്കുന്നതായിരിക്കും – അന്വേഷണ കമ്മീഷന്റെ അനുമാനങ്ങള്‍ പുറത്തുവരുന്നതുവരെ – ശരി എന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം യുവാക്കള്‍ വിയന്നയില്‍ തന്നെ പത്താമത്തെ ഡിസ്ട്രിക്ടിലെ സെയ്ന്റ് അന്തോണീസ് പള്ളിയിലും (29.10.2020) ഇന്നര്‍ സിറ്റിയിലുള്ള (ഒന്നാമത്തെ ഡിസ്ട്രിക്ട്) അതിപുരാതനവും വിയന്നയുടെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നുമായ സെയ്ന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിലും (31.10.2020) കയറുകയും തടസങ്ങള്‍ ഉണ്ടാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഈ സംഭവങ്ങള്‍ക്കു ശേഷവും ഇന്നര്‍ സിറ്റിയില്‍ ശക്തമായ പോലീസ് സാന്നിധ്യം നടപ്പാക്കാതിരുന്നത് അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയായി പ്രാദേശിക മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ജര്‍മനിയില്‍ നിന്നും സ്ലോവാക്യയില്‍ നിന്നും രഹസ്യ വിവരം ലഭിച്ചിട്ടും പോലീസ് വിഷയം കാര്യമായി എടുത്തില്ലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ദിപ്പിക്കുന്നു.
കുജ്ടിം ഫേജ്സുലൈ ഇസ്ലാമിക സ്റ്റേറ്റിന്റെ അനുഭാവി ആണ് എന്ന് ഇയാളുടെ അമ്മ തന്നെ പോലീസിനെ അറിയിച്ചിരുന്നതാണ്. ഇയാള്‍ ഇതേ കാരണംകൊണ്ടുതന്നെ പോലീസിന്റെ നോട്ടപ്പുള്ളി ആയിരുന്നു. 2016-ല്‍ കാബൂളിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനാല്‍ 2018-ല്‍ ഇയാള്‍ തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ മറ്റൊരു ശ്രമം നടത്തി. പക്ഷെ തുര്‍ക്കിയില്‍ ഇയാള്‍ പിടിക്കപ്പെടുകയും ഓസ്ട്രിയന്‍ പൊലീസിന് കൈമാറ്റപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓസ്ട്രിയയില്‍ ഇയാള്‍ക്കു 22 മാസത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും നല്ലനടപ്പിന്റെ ഭാഗമാവുകയും പ്രായം കുറവായതിനാലും ഇയാളെ കാലാവധി തീരുന്നതിനു മുന്‍പ് തന്നെ, 2019 ഡിസംബറില്‍ മോചിതനാക്കി.
അതിനുശേഷം ഇയാളെ തീവ്രചിന്താഗതികളില്‍ നിന്ന് മാറ്റി എടുക്കാനുള്ള ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കുചേര്‍ത്തു. ആക്രമണം നടത്തുന്നതിന് മൂന്നു ദിവസം മുമ്പ് പോലും ഇയാള്‍ അത്തരം ക്ലാസില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. പക്ഷെ മതഭ്രാന്തിന്റെ വിഭ്രാന്തിയില്‍ എല്ലാം ഒരു കൊടും വഞ്ചന ആയിരുന്നു. എല്ലാവരെയും എല്ലായിടത്തും അവന്‍ വഞ്ചിച്ചു. ഈ സംഭവും അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയ്യായി മാധ്യമങ്ങള്‍ പറയുന്നു.
വിയന്ന സംഭവത്തിനു ശേഷം ജര്‍മന്‍ പോലീസ് ഓസ്ട്രിയന്‍ പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം കുജ്ടിം ഫേജ്‌സുലൈന്റെ സുഹൃത്തുക്കളായ ഭീകരചിന്താഗതിക്കാരുടെ ജര്‍മനിയിലുള്ള വീടുകളില്‍ റെയ്ഡ് നടത്തി. ഇവരെല്ലാം തന്നെ കുജ്ടിം ഫേജ്‌സുലൈന്റെ ഓസ്ട്രിയയിലെ നീക്കങ്ങളെപ്പറ്റി അറിയാവുന്നവര്‍ ആയിരുന്നു എന്ന് മാത്രമല്ല, അതില്‍ ചിലര്‍ ഇയാളുമായി ചേര്‍ന്ന് ജൂലൈ മാസം AK 47 ക്വാളിറ്റിയിലുള്ള തോക്കുകള്‍ക്കു വെടിയുണ്ട അന്വേഷിച്ചു സ്ലോവാക്യയില്‍ പോയിരുന്നു. കടക്കാരന്‍ തോക്ക് ലൈസന്‍സ് ചോദിച്ചപ്പോള്‍ ഇല്ലാതിരുന്നതിനാല്‍ ഉടനടി പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് കുജ്ടിം അവിടെ നിന്നും മുങ്ങി. താമസിയാതെ തന്നെ സ്ലോവാക്യന്‍ പോലീസ് ഓസ്ട്രിയന്‍ പോലീസിനെ വിവരം അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്. പക്ഷെ ഓസ്ട്രിയന്‍ പോലീസ് കിട്ടിയ വിവരം എന്തോ കാരണത്താല്‍ അവഗണിക്കുകയാണ് ചെയ്തത്. ഓസ്ട്രിയന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റിന്റെ അക്ഷന്തവ്യമായ തെറ്റായി സംഭവത്തെ വിലയിരുത്തുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുകയും ചെയ്തു.
വിയന്നയുടെ പൊതുനന്മയും ഈ ഘട്ടത്തില്‍ പറയേണ്ടതാണ്. സംഭവസമയത്ത് നാട്ടുകാരും ഓടി അണഞ്ഞിരുന്നു സഹായങ്ങള്‍ക്കായി. ഒസാമ ജോദ എന്ന് പേരുള്ള ഒരു പലസ്തിനിയക്കാരന്‍ സ്വന്തം ജീവന്‍ പണയം വച്ച് വെടിയേറ്റു പിടയുന്ന ഒരു പോലീസുകാരനെ ഭീകരന്റെ കണ്‍വെട്ടന്നു നിന്ന് മാറ്റി. ഒസാമയ്ക്ക് ഓസ്ട്രിയന്‍ റിപ്പബ്ലിക്കിന്റെ ഗോള്‍ഡന്‍ ബഹുമതി പത്രം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് അവിടെയെത്തിയ മാര്‍ഷ്യല്‍ ആര്‍ട്സ് നടത്തുന്ന തുര്‍ക്കിവംശജരായ മിഖൈല്‍ ഓയിസിന്‍, റെസിപി ഗ്യുല്‍റ്റികിന്‍ എന്നിവര്‍ പോലീസുകാരനെ ആംബുലന്‍സില്‍ കയറ്റാനും നിസ്സഹായരായ ഒരു വയോധികയെയും, ഒരു യുവതിയെയും മെഡിക്കല്‍ സംഘത്തിന്റെ അടുത്തെത്തിക്കാനും സഹായം നല്‍കി. സ്ഥലത്തെ സ്റ്റേറ്റ് തിയേറ്റര്‍ പെട്ടന്ന് അഭയകേന്ദ്രമാക്കി മാറ്റി. ടാക്സിഡ്രൈവര്‍മാര്‍ ചാര്‍ജ് ഈടാക്കാതെ മനുഷ്യരെ രക്ഷപെടുത്തി. കടക്കാര്‍ അവിടെയെത്തിയ വഴിപോക്കര്‍ക്കു അഭയം നല്‍കി. നഗരം അപകടത്തില്‍പെട്ടപ്പോള്‍ മനുഷ്യത്വത്തിന്റെ മുന്നേറ്റം നടന്നു.
നവമ്പര്‍ 2ന് കുജ്ടിം ഫേജ്‌സുലൈ ഒറ്റക്കായിരുന്നു ഇന്നര്‍ സിറ്റിയില്‍ 6 വിവിധ സ്ഥലങ്ങളിലായി ഭീകരാക്രമണം നടത്തിയത് എന്നാണു ആധികാരികമായ നിഗമനം. പക്ഷെ സൂത്രധാരകരും കൂട്ടാളികളും ആണെന്ന് സംശയിക്കപ്പെടുന്ന 14 പേരെ ഓസ്ട്രിയായില്‍നിന്നും സ്വിറ്റസര്‍ലണ്ടില്‍ നിന്നുമായി ഇതിനകം പോലീസ്അറസ്റ്റു ചെയ്തതായി ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മര്‍ വെളിപ്പെടുത്തി. അതേസമയം ഐ.എസ് ആണ് ഭീകരാക്രമണത്തിന് പിന്നിലുള്ളതെന്ന് അറിയിച്ചു നാഷിര്‍ ന്യൂസ് എന്ന പ്ലാറ്‌ഫോമില്‍ അവര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്.
നാല് പേര്‍ മരിച്ച ആക്രമണത്തില്‍ 23 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 7 പേരുടെ നില ഗുരുതരമായി തുടരുന്നു. മുറിവേറ്റവരില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബോസ്‌നിയ, ചൈന, ലക്‌സംബര്‍ഗ്, സ്ലോവേനിയ, സ്ലോവാക്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യക്കാരുണ്ട്. ഭീകരാക്രമണങ്ങള്‍ ഐഎസ് തുടങ്ങിയ കാലഘട്ടം മുതല്‍ പോലും ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഓസ്ട്രിയയില്‍ പ്രശ്നമൊന്നും ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഇതൊക്കെയാണ് ഓസ്ട്രയയ്ക്കു ‘സുരക്ഷിതമായ രാജ്യം’ എന്ന ഒരു പേര് ഉണ്ടായത്.
പക്ഷെ പല രാജ്യത്തെയും ഭീകരരുടെ ഒരു സെന്‍ട്രല്‍ കോണ്‍ടാക്ട് പോയന്റ് ആയി ഓസ്ട്രിയയിലെ ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി നിരീക്ഷകര്‍ക്കും ഭരണാധികാരികള്‍ക്കും അറിയാമായിരുന്നു. അധികൃതരുടെ അവഗണനയും ഈ ആക്രമണത്തിന് ഒരു കാരണമായിരുന്നു. പൊതുവെ സമാധാനപ്രിയരായ ഓസ്ട്രിയ സ്വീകരിച്ചുവരുന്ന മെല്ലെപോക്ക് നയങ്ങള്‍ ഈ സംഭവത്തോടുകൂടെ മാറുമെന്നാണ് കരുതുന്നത്. തീവ്ര സ്വഭാവം കണക്കിലെടുത്ത് വിയന്നയിലെ രണ്ട് സുപ്രാധാന മോസ്‌ക്കുകള്‍ സര്‍ക്കാര്‍ അടപ്പിച്ചു. റെയിഡുകള്‍ ശ്കതമാക്കി. ചില മതമൗലിക സംഘടനകളും ഈ ദിവസങ്ങളില്‍ റദ്ദാക്കും.
ഓസ്ട്രിയായിലെ ജനങ്ങളും ഭരണകൂടവും സാധിക്കുന്നിടത്തോളം എല്ലാവരെയും മാനവികതയുടെ കണ്ണുകളില്‍ വീക്ഷിക്കുകയും മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള എല്ലാ അവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും, മതത്തിന്റെ മറവില്‍ വിധ്വംസ്വക പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതല്‍ ഉണരണം എന്നുതന്നെയാണ് ഈ സംഭവങ്ങള്‍ പഠിപ്പിക്കുന്നത്. വിയന്ന രക്തച്ചൊരിച്ചില്‍ കണ്ടും ദീനരോദനം ശ്രവിച്ചും കേഴുന്നുണ്ടെങ്കില്‍ അത് മതമൗലികവാദംകൊണ്ടു മാത്രമാണ്. പ്രകൃതിയുടെ പാഠമല്ല മനുഷ്യര്‍ പഠിച്ചു ജീവിക്കുന്നത്; ഡാന്യൂബ് നദി വിവിധ സംസ്‌കാരങ്ങളെ തഴുകി കടന്നുപോകുന്നതുപോലെ മനുഷ്യന്‍ മതങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് കടന്നുപോയാല്‍, ക്രിസ്ത്യന്‍ – ഇസ്ലാമിക സംസ്‌കാരങ്ങളെ പുണര്‍ന്നുകൊണ്ടുള്ള അതിന്റെ പ്രവാഹം രക്തച്ചൊരിച്ചില്‍ ഇല്ലാതെ ഇനിയും തുടരും.