പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന് ദാരുണാന്ത്യം ; സംഭവം എറണാകുളത്ത്

എറണാകുളം പറവൂര്‍ ചേന്നമംഗലത്ത് പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളി (55) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍വെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ സംസ്‌ക്കാരം ശ്മശാനത്തില്‍ നടന്നു. അംബികയാണ് മുരളിയുടെ ഭാര്യ. അരുണ്‍, അഖില്‍ എന്നിവര്‍ മക്കളാണ്.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നാലു വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്. അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.