ബീഹാറില്‍ മഹാസഖ്യത്തിന് വിജയ പ്രതീക്ഷ

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഏറെ ഉത്സാഹത്തിലും എന്നാല്‍, ഒപ്പം ആശങ്കയിലുമാണ്. തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശും കര്‍ണാടകയും ആവര്‍ത്തിക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. അതിനാല്‍, ഏറെ കാത്തിരുന്ന് ലഭിച്ച വിജയം ആസ്വദിക്കും മുന്‍പ് ചതി സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തിരിയ്ക്കുകയാണ്. അതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

ബീഹാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നിരീക്ഷകരെ നിയമിച്ചിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് നിരീക്ഷകരെ നിയമിച്ചിരിയ്ക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, അവിനാശ് പാണ്ഡെ എന്നിവര്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി സുപ്രധാന ഉത്തരവാദിത്തം നല്‍കിയിരിയ്ക്കുകയാണ്. ഇരു നേതാക്കളെയും ബീഹാറിലെ നിരീക്ഷകരായി നിയമിച്ചു.

ഇരുവരും ഇന്ന് പറ്റ്‌നയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ഇവര്‍ തീരുമാനിക്കുമെന്നാണ് സൂചന. മൂന്നു ഘട്ടങ്ങിലായി നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും എക്‌സിറ്റ് പോള്‍ ഫലങ്ങളിലേയ്ക്കായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് NDA സഖ്യത്തിന് മുന്‍തൂക്കം പ്രഖ്യാപിച്ച പലരുടെയും സര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം മാറിയതായാണ് കാണുന്നത്.

നിതീഷ് കുമാറിനും ജെഡിയുവിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിക്കുമ്പോള്‍ ആര്‍ജെഡി വലിയ ഒറ്റക്കക്ഷിയാകുമെന്നും ബിജെപി വലിയ രണ്ടാമത്തെ കക്ഷിയാക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് സീറ്റ് കണക്കില്‍ നാലാം സ്ഥാനത്തേക്ക് പോവുമെന്നും ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്കാണ് ഇന്ത്യ ടുഡെ ആക്‌സിസ് പോള്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരുടെയും പിന്തുണ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം പേര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ചിരാഗ് പാസ്വാന്‍ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

മഹാസഖ്യത്തിന്റെ മുന്നണി പോരാളിയായിരുന്ന തേജസ്വി യാദവ് എന്ന 30 വയസുകാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് യുവാക്കളുടെ തൊഴിലെന്ന ആവശ്യത്തിനായിരുന്നു. അധികാരത്തില്‍ വന്നാല്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു. ദിവസവും പത്ത് മുതല്‍ 15 റാലികളില്‍ വരെ പ്രസംഗിച്ചു. ആകെ 215 റാലികളില്‍ തേജസ്വിയെത്തി. അതേസമയം പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിക്കുന്ന ജോലി ഏറ്റെടുത്തതാകട്ടെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായിരുന്നു.

243 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്. അതേസമയം, ബീഹാറില്‍ പോളിംഗ് ശതമാനം കുറഞ്ഞത് ചോദ്യമുയര്‍ത്തുന്നു. അവസാനഘട്ട വോട്ടെടുപ്പില്‍ 57.91% പോളി0ഗ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 55%വും രണ്ടാം ഘട്ടത്തില്‍ 53%വും പോളിംഗാണ് രേഖപ്പെടുത്തിയത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.