ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികള്‍ക്ക് എതിരെ ഇഡി അന്വേഷണം

കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബികാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളിലുണ്ടാകും. ഈ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുക. കമ്പനിയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യും.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കണ്ടെത്തിയ ഡബിറ്റ് കാര്‍ഡ്, അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. അനൂപിന്റെ പേരിലുള്ള ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണ്. അനൂപിന്റെ അക്കൗണ്ടില്‍ വന്ന പണം മുഴുവനും ബിനീഷിന്റെ ബിനാമി ഇടപാടുകളിലേതാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ബിനീഷിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിയ്ക്കുന്നത്. കമ്പനിയുമായി ബന്ധമുള്ളവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.