രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതര്‍ ; രോഗമുക്തി 92.49 ശതമാനം
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്.
49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നില്‍ക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്. 85,07,754 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 78,68,968 പേര്‍ക്ക് രോഗം ഭേദമാകുകയും 1,26,121 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.