കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം – പ്രവാസി ലീഗല്‍ സെല്‍
കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസി ലീഗല്‍ സെല്‍ , കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കര്‍, സിവില്‍ വ്യോമയാന വകുപ്പു മന്ത്രി ശ്രീ ഹര്‍ദീപ് സിങ്ങ് പുരി, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.കോവിഡ് 19 പശ്ചാത്തലത്തില്‍ കുവൈറ്റില്‍ നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ , കുവൈറ്റിലേക്ക് ഇപ്പോള്‍ വരുന്ന പ്രവാസികള്‍വിലക്കില്ലാത്ത യു എ ഇ യിലെ ദുബായില്‍ നിന്നോ, മറ്റ് രാജ്യങ്ങളിലെ നഗരങ്ങളില്‍ നിന്നോ ആണ് കുവൈറ്റിലേക്ക് വരുന്നത് . ആവശ്യമായ എല്ലാ ആരോഗ്യ പരിശോധനകളും അനുബന്ധ പ്രോട്ടോക്കോളുകളും പാലിച്ചതിന് ശേഷം താമസത്തിനായും, മറ്റു അനുബന്ധ നടപടി ക്രമങ്ങള്‍ക്കുമായും ഉള്ള വലിയ ചിലവുകള്‍ , വിവിധ നഗരങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള ഉയര്‍ന്നയാത്രാ നിരക്ക് , തങ്ങുന്ന രാജ്യങ്ങളിലെസന്ദര്‍ശക വിസയുടെ സാധുതയുള്ള കാലയളവിനുള്ളില്‍ കുവൈറ്റിലേക്ക് സാധാരണ നിരക്കിലുള്ള വിമാന ടിക്കറ്റിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം ദുബായിലും മറ്റ് നഗരങ്ങളിലും തങ്ങുന്ന ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു വിഭാഗം ദുബായില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് തിരികെ എത്താന്‍ സാധിക്കാതെ ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്ന സാഹചര്യമാണുള്ളത്. തങ്ങളുടെ താമസ തൊഴില്‍ വിസ കാലഹരണപ്പെട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാത്തതുമായ നിരവധി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനകളില്‍ നിന്ന് സേവന ആനുകൂല്യങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല എന്ന പ്രശ്‌നവും നിവേദനത്തിലുണ്ട്.
കുവൈറ്റ് നേരിട്ട് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളില്‍ ആവശ്യമായ ആരോഗ്യ പരിശോധനകളും അനുബന്ധ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് തുടര്‍ന്ന് കുവൈറ്റിലേക്ക് മടങ്ങാനായുള്ള ക്രമീകരണങ്ങളും , ന്യായമായ നിരക്കില്‍ ഏര്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സ്റ്റോപ്പ് ഡെസ്റ്റിനേഷനുകളില്‍ നിന്ന് (യു എ ഇ പോലുള്ള) കുവൈത്തിലേക്കുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിമാന നിരക്ക് കുറയ്ക്കുന്നതിന് ബന്ധപ്പെട്ടവരുമായി മന്ത്രാലയം ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഇന്ത്യയിലുള്ളതും തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുമായ ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളില്‍ പ്രത്യേകമായി തന്നെ ഇടപെടാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കുക, ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നവരും കുവൈത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവരുമായ പ്രവാസികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി ലഭിക്കാനും , വായ്പ തിരിച്ചടവ് വൈകിയാല്‍ ഉണ്ടാകുന്ന നിയമപരമായ നടപടികളെടുക്കുന്നതില്‍ സാവകാശം അനുവദിക്കാന്‍ കുവൈറ്റിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി കുവൈറ്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനും വിദേശകാര്യ മന്ത്രാലയത്തോട് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ വാഹനങ്ങളും മറ്റും മറ്റൊരാള്‍ക്ക് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കു കുവൈറ്റ് സര്‍ക്കാരില്‍ നിന്ന് ഇളവ് ലഭിക്കുകയാണെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയൂ. ഈ വിഷയത്തിലും കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. കൂടാതെ, കുവൈത്തില്‍ കോവിഡ് -19 മൂലം ജീവന്‍ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ തൊഴില്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭിക്കുന്നതിനും ,വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഗൗരവമായ ഇടപെടല്‍ ആവശ്യമാണ്.ആയതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ കേന്ദ്ര വിദേശ കാര്യ , സിവില്‍ വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നുള്ള വേഗത്തിലുള്ള ഇടപെടല്‍ വേണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ: ജോസ് അബ്രഹാം കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.