എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്
എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിയെ അതി വിദഗ്ധമായി പൊലീസ് കുടുക്കി. യുപിയിലെ ഹര്‍ദോയി സ്വദേശിയായ 22 കാരനായ രാം പ്രതാപ് സിംഗ് എന്ന യുവാവാണ് അകന്ന ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അകത്തായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 26നാണ് എട്ടുവയസുകാരനായ കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നും രാം തട്ടിക്കൊണ്ടു പോയത്. ഇതിനു ശേഷം രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടു നല്‍കാമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും കാട്ടി വീട്ടുകാര്‍ക്ക് ഒരു എസ്എംഎസ് അയക്കുകയും ചെയ്തു. മോഷ്ടിച്ച ഫോണില്‍ നിന്നും അയച്ച ഈ ഭീഷണി സന്ദേശത്തിലെ അക്ഷരത്തെറ്റുകളാണ് പ്രതിയെ കൃത്യമായി കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.
‘രണ്ട് ലക്ഷം രൂപയുമായി സീതാപുരില്‍ എത്തണം. പൊലിസിനെ വിവരം അറിയിച്ചാല്‍ കുട്ടിയെ കൊന്നു കളയും’ എന്നുമായിരുന്നു ഹിന്ദി ഇംഗ്ലീഷിലാക്കിയ സന്ദേശം. ഇതില്‍ സിതാപുരിന് ‘സീതാപുര്‍’ എന്നും പൊലീസിന് ‘പുലിഷ്’ എന്നുമായിരുന്നു യുവാവ് ടൈപ്പ് ചെയ്തിരുന്നത്. നവംബര്‍ നാലിനാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
‘പരാതിയുടെ അടിസ്ഥാനത്തില്‍ ടീമുകള്‍ തിരിച്ച് അന്വേഷണം ആരംഭിച്ചു. സന്ദേശം ലഭിച്ച ഫോണിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഉപയോക്താവിനെ കണ്ടുപിടിച്ചെങ്കിലും അയാള്‍ നിരക്ഷരനും സന്ദേശങ്ങള്‍ പോലും അയക്കാന്‍ അറിയാത്ത ആളുമാണെന്ന് വ്യക്തമായി’ എന്നാണ് ഹര്‍ദോയി എസ് പി അനുരാജ് വാട്‌സ് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി.
സിസിറ്റിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി സംശയം തോന്നിയ പത്തുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ രാം പ്രതാപ് സിംഗും ഉണ്ടായിരുന്നു. ഇവരില്‍ നിന്നും യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ പൊലീസ് ഒരു എഴുത്തുപരീക്ഷ നടത്തുകയാണുണ്ടായത്. ‘ഞാന്‍ പൊലീസില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഹര്‍ദോയിയില്‍ നിന്നും സിതാപുര്‍ വരെ ഓടാന്‍ സാധിക്കും’ എന്ന വാചകമാണ് പ്രതികളെ കൊണ്ട് എഴുതിച്ചത്. രാം പ്രതാപ് സിംഗ് തന്റെ ഭീഷണി സന്ദേശത്തില്‍ തെറ്റിച്ചത് പോലെ ഇവിടെയും പൊലീസിന് ഉച്ചാരണ ഭാഷയില്‍ ‘പുലിഷ്’ എന്നും സിതാപുരിന് ‘സീതാപുര്‍’എന്നും വീണ്ടും ആവര്‍ത്തിച്ചു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു.