രാഷ്ട്രീയ പ്രവേശനത്തിന്റെ പേരില്‍ അച്ഛനുമായി പിണങ്ങി വിജയ്
താന്‍ അറിയാതെ അച്ഛന്‍ തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിചത് അറിഞ്ഞ വിജയ് അച്ഛനോട് മിണ്ടാറില്ല എന്ന് അമ്മ. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തില്‍ അവ്യക്തതകള്‍ തുടരുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമ്മ ശോഭ രംഗത്ത് വന്നത്. ഒരു അസോസിയേഷന്‍ രൂപീകരണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ മകനെ സമീപിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തനിക്ക് പാര്‍ട്ടിയിലേക്ക് വരാനോ എവിടെയെങ്കിലും ഒപ്പിടാനോ കഴിയില്ലെന്നായിരുന്നു വിജയ് അന്ന് അച്ഛനോട് പറഞ്ഞത്. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവമെന്നും അമ്മ പറയുന്നു.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അച്ഛനോട് മൗനം പാലിക്കാനായാണ് വിജയ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഇത് ലംഘിക്കുകയായിരുന്നു. അഭിമുഖങ്ങളിലൂടെയും മറ്റുമായി പാര്‍ട്ടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ മകന്‍ അച്ഛനോട് സംസാരിക്കാതായെന്നും ശോഭ പറയുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയേക്കുമെന്ന തരത്തില്‍ നേരത്തെയും പിതാവ് പ്രതികരിച്ചിരുന്നു.
അടുത്തിടെയായിരുന്നു വിജയ് യുടെ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചതോടെയായിരുന്നു ഈ വിവരം പുറത്തുവന്നത്. വിജയ് യുടെ ഫാന്‍സ് അസോസിയേഷന്റെ പേരാണ് പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ളത്. അച്ഛന്‍ ചന്ദ്രശേഖരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. അമ്മയാണ് ഖജാന്‍ജി. വിജയ് അറിയാതെയാണ് താന്‍ പാര്‍ട്ടി രൂപീകരിച്ചതെന്നും പിതാവ് പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിജയ് യാണ്. വിജയ്ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. വിജയ് യുടെ അനുവാദം വാങ്ങിയല്ല ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. അത് പോലെ തന്നെ പാര്‍ട്ടിയുണ്ടാക്കാനും സമ്മതം ആവശ്യമില്ല. പാര്‍ട്ടിയുമായി ബന്ധമില്ലെങ്കിലും അച്ഛനും മകനുമാണ് തങ്ങളെന്നും ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായഭിന്നതയും വിജയ് യുടെ നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.