സഭാ തര്‍ക്കത്തില്‍ പക്ഷപാതം ; കേരള സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കോതമംഗലം പള്ളിത്തര്‍ക്കം സംബന്ധിച്ച് കേസില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്നും ഈ നിലപാട് തുടര്‍ന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പൊലീസ് തെരഞ്ഞെടുപ്പ്, ശബരിമല ഡ്യൂട്ടികളിലായതിനാല്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പ്രായോഗിക ബുദ്ധിമൂട്ടുണ്ടെന്നും സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയോടെ ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളി ഏറ്റെടുക്കല്‍ സംബന്ധിച്ച് എന്തുചെയ്യാനാകുമെന്ന് സംസ്ഥാന സര്‍ക്കാരും നാളെ അറിയിക്കണം. തുടര്‍നടപടികള്‍ക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു . കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.