മലപ്പുറം കൂട്ട ആത്മഹത്യ കൊലപാതകം എന്ന ആരോപണവുമായി കുടുംബം

മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജന്‍കുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നില്‍ രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് ആണെന്നും രാജന്‍കുട്ടി പറയുന്നു.

ബിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളെ കൊന്നത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിര്‍ത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാന്‍ ബിനേഷ് കൊലപ്പെടുത്തുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജന്‍കുട്ടി വ്യക്തമാക്കി.

ഇന്നലെയാണ് രഹ്നയേയും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അനന്ദു എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് പേരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.