സെക്രട്ടേറിയറ്റ് തീ പിടിത്തം ; ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്
സെക്രട്ടേറിയറ്റില്‍ തീ പിടിച്ച സംഭവത്തില്‍ ഫോറന്‍സിക് കണ്ടെത്തല്‍ തള്ളി സംസ്ഥാന പൊലീസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഫാനില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇതു വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോയും പൊലീസ് തയാറാക്കിയിട്ടുണ്ട്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നും പ്രോട്ടോകോള്‍ ഓഫീസില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തെന്നും ഫോറന്‍സിക് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തീപിടിത്തം ഉണ്ടായ ഹാളില്‍ നിന്നും അകലെയുള്ള കാബനിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഇതില്‍ മദ്യം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നു വ്യക്തമാക്കുന്ന ഗ്രാഫിക്‌സ് വീഡിയോയും പൊലീസ് പുറത്തുവിട്ടു. തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാധനങ്ങള്‍ നാഷണല്‍ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
2013ല്‍ നിര്‍മിച്ച ഫാനില്‍ ഇലക്ടിക്കല്‍ തകരാര്‍ ഉണ്ടായിരുന്നെന്നും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചിരിക്കാനാണു സാധ്യതയെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കത്തിനശിച്ച ഫാനിന്റെ എംസിബി ട്രിപ്പായ അവസ്ഥയിലായിരുന്നു. ഫാനിലേക്കുള്ള കണക്ഷന്‍ വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എംസിബി ട്രിപ്പാകാന്‍ സാധ്യതയുണ്ട്. ഫൊറന്‍സിക് ലബോറട്ടറിയില്‍ വിഷ്വല്‍ ആന്‍ഡ് മൈക്രോസ്‌കോപ്പിക് എക്‌സാമിനേഷനാണു നടത്തിയതെന്നും ഇതു വിശദമായി പരിശോധിക്കുന്നതിനു നാഷനല്‍ ലാബിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫാനിന്റെ പ്ലാസ്റ്റിക് ഉരുകിയതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന നടത്താനുള്ള സംവിധാനം ഫൊറന്‍സിക് ലാബിലില്ലാത്തതിനാല്‍ അതും നാഷണല്‍ ലാബില്‍ അയയ്ക്കും. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റ് പരിസരത്തെ 30,000ല്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തു. സഥലത്തുനിന്ന് സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയെങ്കിലും അതിലൂടെ തീപിടിത്തം ഉണ്ടായില്ലെന്നു ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
45 വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കു അയച്ചു. 70 രേഖകള്‍ പരിശോധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നു സിസിടിവിയിലെ 48 മണിക്കൂര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന 222 വ്യക്തികളെ കണ്ടെത്തി വിവരങ്ങള്‍ ആരാഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ട ഫയലുകള്‍ സുരക്ഷിതമാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ആഗസ്റ്റ് 25 ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തി നശിച്ചിരുന്നു. ഇത് അന്വേഷണം അട്ടിമറിക്കാന്‍ ചെയ്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.