ടീമില്‍ അഴിച്ചുപണി ; സഞ്ജു ഏകദിന ടീമില്‍, രോഹിത് ടെസ്റ്റ് ടീമിലേക്ക്
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. മത്സരത്തിന് ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ നിന്ന് വലിയ മാറ്റങ്ങളാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. പരിക്കിന്റെ പേരില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അവസാന മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഒഴിവാക്കിയിട്ടുണ്ട് .
അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോഹ്ലി സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്ന പശ്ചാത്തലാത്തിലാണ് നായകന് അവധി നല്‍കിയത്.പരിക്ക് കാരണം പരിഗണിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മയെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തും. പരിക്കുമൂലം ഐപിഎല്ലില്‍ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടീമില്‍ ഉള്‍പ്പെടുത്തും.
പരുക്കേറ്റ തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ട്വന്റി20 ടീമില്‍നിന്ന് ഒഴിവാക്കി. ഐ.പി.എലിലെ മികച്ച പ്രകടനം കണക്കിലെടുത്തായിരുന്നു വരുണിനെ ആദ്യം ടീമിനൊപ്പം പ്രഖ്യാപിച്ചത്. എന്നാല്‍ തോളെല്ലിനേറ്റ പരിക്ക് മൂലം വരുണിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള പേസ് ബോളര്‍ ടി. നടരാജനെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.