പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡന്‍- കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കൗണ്ടിംഗ് ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഔദ്യോഗികമായി പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍. സൗത്ത് കരോലിനയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട യുഎസ് സെനറ്ററും, റിപ്പബ്ലിക്കന്‍ നേതാവുമായ ലിന്‍ഡ്സി ഗ്രഹാം, ടെക്സസില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ്, പ്രമുഖ ട്രംപ് ലോയറും അമേരിക്കയുടെ മേയറുമെന്ന് അറിയപ്പെടുന്ന റൂഡി ഗുലാനിയുമാണ് ട്രംപിന്റെ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാനങ്ങളിലേയും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളുവെന്നും, മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.
നവംബര്‍ എട്ടിന് ഞായറാഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ലിന്‍ഡ്സി ഗ്രഹാമും, ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ട്വിറ്റര്‍ സന്ദേശത്തിലാണ് ട്രംപിന് അനുകൂലമായി പ്രതികരിച്ചത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ട്രംപ് ഇന്നും ആരോപിച്ചു. ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിക്കണമെങ്കില്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.